തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.
കഴിഞ്ഞ നാലു വർഷമായി ഇത്തരം കുറ്റകൃത്യങ്ങളിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. 2013 മുതൽ 2016 വരെ പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ അബ്യൂസസ്) നിയമപ്രകാരം വിവിധ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.
കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിലുള്ള 2093 കേസുകളാണു രജിസ്റ്റർ ചെയ്തത്. ഈ കേസുകളിൽ ഇരകളായതാകട്ടെ 2192 കുട്ടികൾ. 2013ൽ 1002 കേസുകളും 2014ൽ 1380 കേസുകളും 2015ൽ 1569 കേസുകളുമാണു രജിസ്റ്റർ ചെയ്തത്. 2016ലെ കേസുകളിലെ 2,491 പ്രതികളിൽ 1,663 പേർ കുട്ടികൾക്ക് അടുത്തറിയാവുന്നവരാണെന്ന് കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
കുട്ടികളെ പീഡിപ്പിക്കുന്നതിൽ 67 ശതമാനവും അടുത്ത ബന്ധുക്കളാണെന്ന വസ്തുതയും ഞെട്ടിക്കുന്നതാണ്. ബാക്കിയുള്ളവരിൽ 26 ശതമാനവും അയൽക്കാരാണ്. കുടുംബാംഗങ്ങൾ എട്ടു ശതമാനവും ബന്ധുക്കൾ ഏഴു ശതമാനവും സ്കൂൾ വാൻ, ഓട്ടോ ഡ്രൈവർമാർ രണ്ടു ശതമാനവും കമിതാക്കൾ രണ്ടു ശതമാനവും സുഹൃത്തുക്കൾ 12 ശതമാനവും അധ്യാപകർ മൂന്നു ശതമാനവും പരിചയക്കാർ ഏഴ് ശതമാനവുമുണ്ട്.
പീഡനത്തിനിരയായ 2192 കുട്ടികളിൽ 1029 പേർ 15-18 വയസ് പ്രായപരിധിയിലുള്ളവരാണ്. 10-14 വയസുകാർ 800 പേരുമുണ്ട്. പീഡനത്തിനിരയായവരിൽ 47 ശതമാനം പേർ ഒബിസി വിഭാഗക്കാരാണ്. 21 ശതമാനം മുന്നോക്ക വിഭാഗത്തിലും 14 ശതമാനം പട്ടികജാതി വിഭാഗത്തിലും അഞ്ച് ശതമാനം പട്ടികവർഗത്തിലും ഉൾപ്പെട്ടവരാണ്.
സംസ്ഥാന പോലീസ് ലഭ്യമാക്കിയ വിവരങ്ങൾ പ്രകാരം 33 ശതമാനം പ്രതികൾ കുറ്റകൃത്യത്തിന് ഇരയായ കുട്ടികൾക്കു നേരിട്ട് പരിചയം ഇല്ലാത്തവരാണ്. കുടുംബാംഗങ്ങളിൽ അച്ഛൻ, രണ്ടാനച്ഛൻ, സഹോദരൻ, അമ്മ, വളർത്തച്ഛൻ, അർധസഹോദരൻ, മുത്തച്ഛൻ എന്നിവരും ബന്ധുക്കളിൽ അമ്മാവൻ, സഹോദരീഭർത്താവ്, മുത്തച്ഛന്റെ സഹോദരൻ, അമ്മയുടെ അമ്മാവൻ, അച്ഛന്റെ സഹോദരപുത്രൻ എന്നിവും കുട്ടികളെ പീഡനത്തിനിരയാക്കുന്നു. പ്രതികളിൽ 95.5 ശതമാനവും പുരുഷൻമാരാണ്. 19-40 വയസിനിടയിലുള്ളവരാണ് മിക്ക പ്രതികളും. 41-60 പ്രായത്തിലുള്ള 569 പേരും 14 വയസിൽ താഴെയുള്ള 15 പേരും പ്രതിപ്പട്ടികയിലുണ്ട്.
കുട്ടിയുടെ വീട്, പൊതുസ്ഥലം, ഹോട്ടൽ, ലോഡ്ജ്, ഒറ്റപ്പെട്ട സ്ഥലം, മാർക്കറ്റ്, പെട്രോൾ പന്പ്, ഹാർബർ, ബീച്ച്, ഷോപ്പ്, ട്രെയിൻ, അങ്കണവാടി, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം കുട്ടികൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വീട്ടിൽ പലപ്പോഴും മാതാപിതാക്കൾ ഇല്ലാത്തതും യഥാസമയം അവരുടെ ശ്രദ്ധ കുട്ടികൾക്ക് ലഭിക്കാത്തതും സ്വന്തം വീടുകളിൽ പോലും കുട്ടികൾക്ക് സുരക്ഷിതത്വം ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടാകുന്നതായി കമ്മീഷൻ അധ്യക്ഷ ശോഭ കോശി വ്യക്തമാക്കി.
ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വഴിവയ്ക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കേണ്ടതും മുൻകരുതൽ നടപടിയെടുക്കേണ്ടതുമാണ്. ശാശ്വതവും സമാധാനപൂർണവും കെട്ടുറപ്പുള്ളതുമായ കുടുംബാന്തരീക്ഷവും ബന്ധങ്ങളും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം കുറ്റകൃത്യങ്ങൾ ഓർമിപ്പിക്കുന്നതെന്നും ശോഭ കോശി ചൂണ്ടിക്കാട്ടുന്നു. ഇഷ്ടമില്ലാത്ത വിഷയങ്ങൾ പഠിക്കാൻ മാതാപിതാക്കൾ ഉൾപ്പെടെ കുട്ടികളെ പീഡിപ്പിക്കുകയാണ്. ഇഷ്ടമില്ലാത്ത വിഷയം പഠിച്ച് വിജയിയാകേണ്ട കുട്ടി ഉയർന്ന സമ്മർദമാണ് അനുഭവിക്കുന്നത്. കമ്മീഷൻ പല ഭാഗങ്ങളിൽ കുട്ടികളുമായി നടത്തിയ സംവാദത്തിൽ കുട്ടികൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്യൂഷൻ സെന്ററുകളിൽ കിട്ടുന്ന അടിക്ക് കണക്കില്ലെന്ന് കുട്ടികൾ പറയുന്നു. സ്കൂളുകളിൽ മാത്രമേ കുട്ടികളെ തല്ലുന്നതിന് നിയമ തടസമുള്ളൂ എന്നാണ് ട്യൂഷൻ അധ്യാപകരുടെ ന്യായം. എന്നാൽ ഇത് ശരിയല്ല. ഒരിടത്തും കുട്ടികളെ തല്ലാൻ അനുവാദമില്ലെന്നും അവർ പറഞ്ഞു.
പോക്സോ കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുന്നു
തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന നിയമപ്രകാരമുള്ള കേസുകൾ വ്യാപകമായി കോടതിയിൽ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. 2016ലെ സ്ഥിതിവിവര കണക്കുകൾ പ്രകാരം കുട്ടികളുടെ കോടതി, പ്രത്യേക കോടതികളിലെ പോക്സോ കേസുകൾ 4275 ആണ്. ഇതിൽ വെറും 14.50 ശതമാനമാണ് തീർപ്പാക്കിയിട്ടുള്ളത്. ബാക്കി 3655 കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുകയാണെന്ന് കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 4275ൽ ആകെ തീർപ്പാക്കിയ കേസുകൾ 620 എണ്ണമാണ്. ഇതിൽ തന്നെ വെറും 73 കേസുകളിൽ മാത്രമാണ് ശിക്ഷിച്ചിട്ടുള്ളത്. 484 കേസുകളിലെ പ്രതികളെ വെറുതെ വിട്ടതായും റിപ്പോർട്ടിലുണ്ട്.
ശിക്ഷിക്കാതെയും വെറുതെ വിട്ടതുമല്ലാത്ത ഒത്തുതീർപ്പായ കേസുകളുടെ എണ്ണം 58, നഷ്ടപരിഹാരം അനുവദിക്കപ്പെട്ടവ 23 എന്നിങ്ങനെയാണ് കണക്കുകൾ. പോക്സോ ആക്ട് പ്രകാരം കേസുകൾ തീർപ്പാക്കുന്നതിലുള്ള കാലതാമസവും കുറവും സംബന്ധിച്ച് ബാലാവകാശ കമ്മീഷന്റെ ആശങ്കകൾ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇരകൾക്കുള്ള നഷ്ടപരിഹാര സ്കീമിനെ കുറിച്ചുള്ള ബോധവത്കരണം സൃഷ്ടിക്കൽ, കോടതികളിലെ ബാലസൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചുമുള്ള ആശങ്കകളും ഹൈക്കോടതിയെ അറിയിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസുകളിൽ മൂന്നു വർഷത്തിനിടെ ഇരട്ടിയിലേറെ വർധന
2013 മുതൽ 2016 വരെ പോക്സോ നിയമപ്രകാരം പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ
 2013  1002
 2014  1380
 2015  1569
 2016  2093
2016 ജനുവരി മുതൽ ഡിസംബർ വരെ നടന്ന കുറ്റകൃത്യങ്ങൾ
തിരുവനന്തപുരം 256
 കൊല്ലം 180
 പത്തനംതിട്ട 85
 ആലപ്പുഴ 83
 കോട്ടയം 114
 ഇടുക്കി 103
 എറണാകുളം 217
 തൃശൂർ 190
 പാലക്കാട് 123
 മലപ്പുറം 241
 കോഴിക്കോട് 169
 വയനാട് 92
 കണ്ണൂർ 142
 കാസർഗോഡ് 96
 റെയിൽവേ 2
 ആകെ 2093
കുറ്റകൃത്യത്തിനിരയായ കുട്ടികളും പ്രതികളും തമ്മിലുള്ള ബന്ധം
അയൽക്കാർ – 646
 കുടുംബാംഗങ്ങൾ – 197
 ബന്ധുക്കൾ – 164
 വാൻ, ബസ്, ഓട്ടോ ഡ്രൈവർമാർ – 62
 കമിതാക്കൾ – 56
 സുഹൃത്തുക്കൾ – 289
 അധ്യാപകർ – 68
 പരിചയക്കാർ – 181

