വാഷിംഗ്ടണ്‍: സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ ഐഎസിന്റെ ഡെപ്യൂട്ടി നേതാവ് അബു അലാ അല്‍ അഫ്രി കൊല്ലപ്പെട്ടു. യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറാണ് ഇക്കാര്യം അറിയിച്ചത്. സിറിയയിലെ ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ ഈമാസാദ്യം നടത്തിയ റെയ്ഡിലാണ് അല്‍ അഫ്രിയും നിരവധി ഐഎസ് നേതാക്കളും കൊല്ലപ്പെട്ടത്. എന്നാല്‍ അല്‍ അഫ്രി കൊല്ലപ്പെട്ടതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
അബുബക്കര്‍ അല്‍ ബാഗ്ദാദി ഗുരുതര പരിക്കേറ്റ് ചികിത്സയിലായതിനെ തുടര്‍ന്ന് ഐഎസ് പ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ടം മുന്‍ ഫിസിക്സ് അധ്യാപകനായ അല്‍ അഫ്രിക്കായിരുന്നു. ഐഎസ് നേതാവും സ്വയം പ്രഖ്യാപിത ഖലീഫയുമായ അബുബക്കര്‍ അല്‍ ബാഗ്ദാദി വ്യോമാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സമയത്താണ് ഐഎസിന്റെ ചുമതല അല്‍ അഫ്രി ഏറ്റെടുത്തത്.
തല്‍ അഫാറിലെ മുന്‍ ഫിസിക്സ് അധ്യാപകനായ അല്‍ അഫ്രി മതസംബന്ധിയായ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അബ്ദുല്‍ റഹ്മാന് മുസ്തഫ അല്‍ ക്വാദുലി എന്നും അറിയപ്പെടുന്ന അല്‍ അഫ്രിയെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് 70ലക്ഷം ഡോളര്‍ ഇനാം നല്‍കുമെന്ന് കഴിഞ്ഞ മെയില്‍ യുഎസ് പ്രഖ്യാപിച്ചിരുന്നു.