കണ്ണൂരിലെ കൊലപാതകം: റിപ്പര്‍ കുഞ്ഞുമോനെ ചേദ്യംചെയ്യും

knr-rekshaകണ്ണൂര്‍: തെക്കീബസാറില്‍ കടവരാന്തയില്‍ ചാലാട് പന്നേന്‍പാറ പഞ്ചാബി റോഡിലെ കണ്ടത്താര്‍ക്കണ്ടി വീട്ടില്‍ പ്രസൂണിനെ (40) കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി പത്തുമാസമാകാറായിട്ടും കൊലയാളിയെ കണ്ടെത്താനായില്ല. റിപ്പര്‍ മോഡലില്‍ ഒന്‍പതു പേരെ വകവരുത്തിയ കൊച്ചി സ്വദേശി കുഞ്ഞുമോനെ (സേവ്യര്‍ -42) എറണാകുളം പോലീസ് പിടികൂടിയതോടെ പ്രസൂണിന്റെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം കണ്ണൂര്‍ പോലീസ് അന്വേഷിക്കും. ഇതിനായി കുഞ്ഞുമോനെ ചോദ്യംചെയ്യാന്‍ പ്രത്യേക പോലീസ് സംഘത്തെ ജില്ലാ പോലീസ് മേധാവി ഹരിങ്കര്‍ എറണാകുളത്തേക്ക് അയച്ചു.

പ്രസൂണിന്റെ മൃതദേഹത്തിനു സമീപത്തുനിന്നു ചെത്തുകല്ലുകള്‍ കണ്ടെടുത്തിരുന്നെങ്കിലും ഇവ ഉപയോഗിച്ചല്ല കൊലപ്പെടുത്തിയതെന്നാണു തെക്കീബസാറിലെ സംഭവസ്ഥലം സന്ദര്‍ശിച്ച പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ള അന്നു പറഞ്ഞിരുന്നത്. കൈയിലൊതുങ്ങാവുന്ന കല്ലോ, അതുപോലുള്ള മറ്റെന്തെങ്കിലും സാധനമോ ഉപയോഗിച്ചുള്ള അടിയാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നിഗമനം.

ആദ്യത്തെ ആക്രമണത്തില്‍ പ്രസൂണ്‍ മരിച്ചിട്ടില്ലെന്നു വ്യക്തമായതോടെ ചെത്തുകല്ലുകള്‍ കൊണ്ടുവന്നു വീണ്ടും ഇടിക്കാന്‍ ശ്രമിച്ചിരിക്കാമെന്നും എന്നാല്‍ കല്ലുമായി എത്തിയപ്പോള്‍ മരിച്ചെന്നു വ്യക്തമായതോടെ സമീപത്ത് ഉപേക്ഷിച്ചിരിക്കാമെന്നും വിലയിരുത്തലുണ്ടായിരുന്നു. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും ഇതിനെ പോലീസ് കണ്ടിരുന്നു. സമീപത്തെ സ്ഥാപനങ്ങളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിക്കാതായതോടെയാണ് അന്വേഷണം വഴിമുട്ടിയത്.

തെക്കീബസാര്‍ മക്കാനിക്ക് എതിര്‍വശത്തെ മൂന്നുനില കെട്ടിടത്തിന്റെ വരാന്തയില്‍ 2015 ജൂണ്‍ 14ന് പുലര്‍ച്ചെയാണു കല്ലുകൊണ്ടിടിയേറ്റു മരിച്ചനിലയില്‍ പ്രസൂണിനെ കാണുന്നത്്. നേരത്തെ മുംബൈയില്‍ ജോലി ചെയ്തിരുന്ന പ്രസൂണ്‍ കൊല്ലപ്പെടുന്നതിന് അഞ്ചു മാസം മുമ്പായിരുന്നു നാട്ടില്‍ തിരിച്ചെത്തിയത്. വീടുവിട്ട് കടവരാന്തയില്‍ ഇയാള്‍ കഴിയാനുണ്ടായ സാഹചര്യം ഉള്‍പ്പെടെ ഇയാളെക്കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല.

Related posts