കൊഴിഞ്ഞോന്പാറ: കൃത്യനിഷ്ഠയോടെ നിയമനടപടികൾ സ്വീകരിച്ചു പ്രവർത്തിച്ച എസ്ഐ സജികുമാറിനെ സ്ഥലംമാറ്റിയതിൽ വ്യാപക പ്രതിഷേധം. കരിഞ്ചന്തക്കാർക്കും കള്ളക്കടത്തുകാർക്കും പേടിസ്വപ്നമായ സജികുമാർ കൊഴിഞ്ഞാന്പാറയിൽ ചാർജെടുത്തതുമുതൽ നിരവധി കേസുകൾക്കാണ് തെളിവുണ്ടാക്കിയത്.
കൊഴിഞ്ഞാന്പാറ ഫർക്കയിൽ ചേക്കേറുന്ന തമിഴ്നാട്ടുകാരുടെ ചീട്ടുകളി ഉന്മൂലനം ചെയ്തതിനു പുറമേ മേഖലയിൽ രഹസ്യമായി നടത്തിവരുന്ന കോഴിയങ്കവും വാതുവയ്പും കുറയ്ക്കാനുമായി. ഇവർക്കു സഹായങ്ങൾ ചെയ്തിരുന്ന സ്വകാര്യവ്യക്തികൾക്കും എസ്ഐ കണ്ണിലെ കരടായിരുന്നു.കുറ്റകൃത്യങ്ങൾ നടക്കുന്പോൾ ഒരുപരിധിവരെ നിഷ്പക്ഷമായി പ്രവർത്തിച്ചിരുന്നതിനാൽ പൊതുജനങ്ങൾക്കു ഇദ്ദേഹം ഏറെ സ്വീകാര്യനായിരുന്നു.
ഗോപാലപുരത്തു വിദ്യാർഥികളുടെ കാർ തടഞ്ഞു പണം തട്ടിയെടുത്ത സംഭവത്തിൽ എസ്ഐ മഫ്തിയിലെത്തി ആറുപ്രതികളെ പിടികൂടിയതും വാർത്തയായിരുന്നു. ഇതു സഹജീവനക്കാരുടെ അതൃപ്തിക്കും ഒരുപരിധിവരെ കാരണമായതായി പറയുന്നു.
മുന്പ് രണ്ടുതവണ സജികുമാറിനു സ്ഥലമാറ്റ ഉത്തരവു ലഭിച്ചിരുന്നെങ്കിലും ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തിരികേ കൊഴിഞ്ഞാന്പാറയിൽ എത്തുകയായിരുന്നു. സജികുമാറിനെ തിരിച്ചുകൊണ്ടുവരാൻ സാമൂഹ്യസേവന പ്രവർത്തകർ അണിയറ നീക്കം ശക്തമാക്കി. ഹീറോ പരിവേഷത്തോടെ വീണ്ടും എസ്ഐ സജികുമാർ കൊഴിഞ്ഞാന്പാറയിൽ തിരിച്ചെത്തി കൃത്യനിർവഹണം നടത്തുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.