പറമ്പില്‍ബസാറില്‍ അജ്ഞാതജീവി ആടുകളെ കൊന്നു

KKD-AADUകോഴിക്കോട്: കുരുവട്ടൂര്‍ പഞ്ചായത്തിലെ പറമ്പില്‍ബസാറില്‍ വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം. പറമ്പില്‍ബസാര്‍ ബസ്സ്റ്റാന്‍ഡിനു സമീപത്തെ റഈസിന്റെ വീട്ടിലെ മൂന്ന് ആടുകളെയാണ് കൊന്നത്. രണ്ടെണ്ണത്തെ കഴിഞ്ഞദിവസവും ഒന്നിനെ ഇന്നു രാവിലെയുമാണ് കൂട്ടിനുള്ളില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. രണ്ട് ആട്ടിന്‍കുട്ടികള്‍ ഇതേ കൂട്ടില്‍ ഉണ്ടായിരുന്നെങ്കിലും ഇവയെ ആക്രമിച്ചിട്ടില്ല.മരത്തില്‍ നിര്‍മിച്ച ബലമുള്ള കൂട്ടിലാണ് ആടുകളുണ്ടായിരുന്നത്. കൂടു തകര്‍ക്കുകയോ കേടുവരുത്തുകയോ ചെയ്തിട്ടില്ല. ഇന്ന് രാവിലെ ചത്തനിലയില്‍ കണ്ടെത്തിയ ആടിന്റെ മുന്‍കാലുകള്‍ രണ്ടും കൂടിന്റെ അഴികളിലൂടെ പുറത്തേക്ക് വലിച്ച നിലയിലാണ്. ഇവയിലെ മാംസം പൂര്‍ണമായും ഭക്ഷിച്ചിട്ടുമുണ്ട്.

വേര്‍പെട്ട കാലുകളിലൊന്ന് ബസ് സ്റ്റാന്‍ഡില്‍ നിന്നു കണ്ടെത്തി. കഴിഞ്ഞദിവസം കൊന്ന രണ്ട് ആടുകളില്‍ ഒന്നിന്റെ വയറുകീറിയ നിലയിലായിരുന്നു. രണ്ടാമത്തേതിന്റെ കഴുത്തിലായിരുന്നു മുറിവ്. പതിനായിരത്തിലേറെ രൂപ വില വരുന്ന ആടുകളാണ് ചത്തതെന്ന് റഈസ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.മാസങ്ങള്‍ക്കു മുമ്പ് പറമ്പില്‍ബസാറിന്റെ സമീപപ്രദേശങ്ങളായ ന്യൂബസാര്‍, ചാലില്‍ത്താഴം തുടങ്ങിയ പ്രദേശങ്ങളില്‍ സമാനരീതിയില്‍ ആടുകള്‍ ചത്തിരുന്നു.

Related posts