കോഴിക്കോട്: നഗരത്തില്‍ മാലപിടിച്ചുപറി സംഘം വിലസുന്നു. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തരം സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലര്‍ പിടിയിലാകുമ്പോഴും “വമ്പന്മാര്’ ഇപ്പോഴും പുറത്ത് വിലസുകയാണ്. മൂന്നുപേരെ ഇന്നലെ പിടികൂടിയ സംഭവം നഗരത്തില്‍ ഇത്തരം സംഘങ്ങള്‍ വേരുറപ്പിക്കുന്നതിന്റെസൂചനയാണെന്നാണ് പോലീസ് പറയുന്നത്.
കൊളത്തറയിലെ പള്ളിപ്പറമ്പ് പുളിക്കലകത്ത് വീട്ടില്‍ പി.ജുറൈജ് (22), കൊളത്തറ കാക്കച്ചിപറമ്പ് കെ.പി. ആദര്‍ശ് (21), ചെറുവണ്ണൂരിലെ ഇരഞ്ഞിക്കാട്ട്പാലം കൊല്ലേരിത്താഴം പി. അക്ഷയ്കുമാര്‍ (23) എന്നിവരെയാണ് സിറ്റി നോര്‍ത്ത് അസി. കമ്മിഷണര്‍ ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ക്രൈംസ്ക്വാഡ് അംഗങ്ങള്‍ ഇന്നലെ പിടികൂടിയത്.
ആഢംബര ബൈക്കായ ഡ്യൂക്ക് 250 യില്‍ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിക്കുകയാണ് സംഘത്തിന്റെ പതിവുരീതി. മോഷ്ടിച്ച മാല സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ പണയം വയ്ക്കുകയാണ് പതിവ്. ഇപ്രകാരം ലഭിക്കുന്ന പണമുപയോഗിച്ച് ആഢംബര ജീവിതം നയിക്കുകയും ഗോവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഉല്ലാസയാത്രപോവുകയും കഞ്ചാവും മറ്റു ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയുമാണ് ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഏഴിന് കക്കോടി പടിഞ്ഞാറ്റുംമുറി മേടയില്‍ വീട്ടില്‍ ബേബി ശാലിനിയുടെ മാലമോഷ്ടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. രാവിലെ പത്തോടെ ആംഗൻവാടിയില്‍ കുട്ടിയെ കൊണ്ടുപോവും വഴിയായിരുന്നു മൂന്നരപവന്റെ സ്വര്‍ണമാല പ്രതികള്‍ കവര്‍ന്നത്. സമീപത്തെ സിസിടിവി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും സൈബര്‍ സെല്ലിന്റെ സഹായത്തോടെയുമാണ് പ്രതികളെ പിടികൂടിയത്.
നരിക്കുനി സ്വദേശിനിയുടെ മാലയും പ്രതികള്‍ കവര്‍ന്നിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ചേവായൂര്‍ എസ്ഐ. എസ്. അസീം, ക്രൈംസ്ക്വാഡ് അംഗങ്ങളായ മുഹമ്മദ്ഷാഫി, സജി, അഖിലേഷ്, ഷാലു, കെ. പ്രപിന്‍ , നിജിലേഷ്, ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ പി.എം. രതീഷും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അതേസമയം നഗരത്തിലും പരിസര പ്രദേശങ്ങളിലും ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്നും മാല പിടിച്ചു പറിക്കുന്ന സംഘത്തിലെ രണ്ടുപേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. നല്ലളം പോലീസ് സ്റ്റേഷന് പരിധിയിലെ കേസുകളിലെ പ്രതികളെയാണ് പിടികൂടാനുള്ളത്. ഇവരെകുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യവാരം നല്ലളം പോലീസ് രണ്ടുപേരെ പിടികൂടിയിരുന്നു.
മാത്തോട്ടം സ്വദേശി ജംഷീദ് എന്ന ഇഞ്ചീല്‍ (28), മാറാട് സ്വദേശി ഷഫീഖ് എന്ന അപ്പായി (29) എന്നിവരെയായിരുന്നു അന്ന് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണു രണ്ടുപേര്‍ കൂടി മാല പിടിച്ചുപറി സംഘത്തിലുണ്ടെന്ന് പോലീസിനു വ്യക്തമായത്. കോഴിക്കോട് സിറ്റിയിലെ ടൗണ്‍ , പന്നിയങ്കര, മെഡിക്കല്‍കോളജ്, വെള്ളയില്‍ , നടക്കാവ്, നല്ലളം തുടങ്ങി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നായി 18 ഓളം മാലപിടിച്ചുപറി നടത്തിയവരായിരുന്നു ഈ പ്രതികള്‍ .