പൊതുസ്ഥലങ്ങളില്‍ പോസ്റ്റര്‍ പാടില്ല; സ്വകാര്യ സ്ഥലങ്ങളില്‍ അനുവാദമില്ലാതെ പതിക്കുന്നവയ്ക്കു പിഴ വേറെ

alp-posterപത്തനംതിട്ട: വര്‍ണപോസ്റ്ററുകള്‍ ഇറക്കിയവര്‍ ഒട്ടിക്കാന്‍ സ്ഥലമില്ലാതെ വിഷമത്തിലാണ്. ചുവരെഴുത്തിനു നിയന്ത്രണമുണ്ട്. പൊതുസ്ഥലങ്ങളിലെ ചുവരെഴുത്തും പോസ്റ്റര്‍ ഒട്ടിക്കലും കര്‍ശനമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരിക്കുകയാണ്. പോസ്റ്ററുകള്‍ വലിച്ചുകീറാന്‍ തന്നെ സ്ക്വാഡ് രംഗത്തുണ്ട്. പണം മുടക്കി ശിവകാശിയില്‍ നിന്നു പോസ്റ്റര്‍ അടിച്ചുകൊണ്ടുവന്ന് ഒട്ടിച്ചതിന്റെ രണ്ടാംദിവസം ഇതു കീറിക്കളയുന്ന ഉദ്യോഗസ്ഥരെ കാണുമ്പോള്‍ മനസ് വേദനിക്കുമെങ്കിലും മറിച്ചൊന്നും ചെയ്യാനില്ല. കാരണം നിയമപ്രകാരം കുറ്റം വളരെ വലുതാണ്. പൊതുസ്ഥലങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനു കര്‍ശന വിലക്കുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമതിലുകള്‍, കെട്ടിടങ്ങള്‍, ബോര്‍ഡുകള്‍, വൈദ്യുതി തൂണുകള്‍ ഇവയെല്ലാം പൊതുപട്ടികയില്‍പ്പെടും.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പോലും വരാത്ത അവസരത്തില്‍ പോസ്റ്ററുകള്‍ നഷ്ടമാക്കിയാല്‍ ഇനിയുള്ള ആഴ്ചകളിലേക്ക് കൂടുതല്‍ പ്രചാരണ സാമഗ്രികള്‍ തന്നെ കരുതേണ്ടിയും വരും. വര്‍ണങ്ങളില്‍ നിറഞ്ഞതും ചിരി തൂകുന്ന മുഖമുള്ളതുമായ പോസ്റ്ററുകള്‍, ഫ്‌ളെക്‌സുകള്‍ എന്നിവ ഇപ്പോള്‍തന്നെ നാടൊട്ടുക്ക് നിരന്നിട്ടുണ്ട്. പോസ്റ്റര്‍ ഒട്ടിക്കുന്നതും ഫ്‌ളെക്‌സ് വയ്ക്കുന്നതും ചുവരെഴുതുന്നതുമൊക്കെ നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥ പടയെ തന്നെ രംഗത്തിറക്കിയിട്ടുമുണ്ട്.

സ്വകാര്യവ്യക്തിയുടെ സ്ഥലങ്ങളില്‍ ചുവരെഴുതാനും പോസ്റ്ററൊട്ടിക്കാനുമൊക്കെ അനുവാദം വാങ്ങണമെന്നാണ ്‌വ്യവസ്ഥ. അനുവാദമില്ലാതെ മതിലില്‍ എഴുതിയാല്‍ കേരള പോലീസ് ആക്ട് 120 ഡി വകുപ്പു പ്രകാരം ഒരു വര്‍ഷം തടവും 5000 രൂപ പിഴയും അല്ലെങ്കില്‍ രണ്ടുംകൂടി ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. രാഷ്ട്രീയക്കാരുടെ കാര്യമായതിനാല്‍ പലരും പ്രതികരിക്കാറില്ല. ഇതു മുതലെടുത്ത് മതിലുകള്‍ പലരും മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കുകയാണ്. എന്നാല്‍ അനുവാദം വാങ്ങാതെയുള്ള ഇത്തരം ബുക്കിംഗുകള്‍ക്ക് യാതൊരു നിയമപരിരക്ഷയമില്ല. പോസ്റ്ററുകള്‍ ഒട്ടിക്കുകയും സ്വകാര്യ സ്ഥലങ്ങളില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വയ്ക്കുകയും ചെയ്യുമ്പോഴും ഇതേ നിയമം ബാധകമാണ്.

Related posts