ഋഷിരാജ് സിംഗും പുറത്തേക്ക് ! സിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് എക്‌സൈസ് മ്ന്ത്രി മുഖ്യമന്ത്രിയെ കണ്ടു; സിങ്കത്തിന് വിനയായത് സിപിഎം ഉന്നതനെ പിണക്കിയത്…

തിരുവനന്തപുരം: അഴിമതിയ്‌ക്കെതിരേ ശക്തമായ നടപടി എടുക്കുന്നവരെ ഒതുക്കുന്ന പരിപാടി സംസ്ഥാന സര്‍ക്കാര്‍ തുടരുന്നു. ഇക്കുറി നറുക്കു വീണിരിക്കുന്നത് ഋഷിരാജ് സിംഗിനാണ്. സീനിയോറിറ്റി അനുസരിച്ച് വിജിലന്‍സ് ഡയറക്ടറുടെ കസേരയിലിരിക്കേണ്ട ആളാണ് ഋഷിരാജ് സിംഗ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഡിജിപിമാരുടെ സീനിയോറിട്ടി പട്ടികയില്‍ ലോക്‌നാഥ് ബെഹ്‌റയ്ക്കും മുകളിലാണ് സിങ്കത്തിന്റെ സ്ഥാനം. എന്നാല്‍ പൊലീസിലെ സുപ്രധാന പദവികള്‍ നല്‍കിയാല്‍ മുഖം നോക്കാതെ നടപടിയെക്കുന്ന സിങ്കം തലവേദന സൃഷ്ടിക്കുമെന്ന് പിണറായി സര്‍ക്കാരിന് നന്നായി അറിയാം. അതിനാല്‍ തന്നെയാണ് എക്‌സൈസ് കമ്മീഷണറായി ഒതുക്കിയത്.

എന്നാല്‍ സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞ ഈ ഐപിഎസുകാരന്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് മാറുകയാണ് ഇപ്പോള്‍. ഇതോടെ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നു ഋഷിരാജ്‌സിംഗിനെ മാറ്റണമെന്ന ആവശ്യവുമായി എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടാണു മന്ത്രി ആവശ്യം ഉന്നയിച്ചത്. സിപിഎം ഉന്നതന്റെ ബന്ധുവിനെ എക്‌സൈസിലെ സുപ്രധാന തസ്തികയായ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറായി നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഋഷിരാജ് സിങ് തള്ളിയതാണു പ്രകോപനത്തിലേക്കു നയിച്ചത്.

എക്‌സൈസ് മന്ത്രി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കമ്മീഷണര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ നേതാവിനെ മധ്യമേഖല ഉള്‍പ്പെടുന്ന ജില്ലയില്‍ നിലനിര്‍ത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി മലബാര്‍ മേഖലയിലേക്കു കമ്മീഷണര്‍ സ്ഥലംമാറ്റിയതും പ്രശ്‌നങ്ങള്‍ വഷളാക്കിയിരുന്നു. അച്ചടക്ക നടപടി നേരിടുന്ന ഡിജിപി ജേക്കബ് തോമസ് വഹിച്ചിരുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടര്‍ സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് ഋഷിരാജ് സിംഗിനെ മാറ്റുമെന്നാണ് സൂചന.

പറഞ്ഞാല്‍ കേള്‍ക്കുന്ന ആള്‍ എക്‌സൈസ് കമ്മീഷണറായി വേണമെന്നാണ് മന്ത്രിയുടെ ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ സീനിയോറിട്ടി പട്ടിയില്‍ ഇടം പിടിച്ചതോടെയാണ് ഋഷിരാജ് സിംഗിന് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് മന്ത്രി കുറ്റപ്പെടുത്തുന്നു. ഋഷിരാജ് സിങ് കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിച്ചിട്ടുമുണ്ട്. സിബിഐ ഡയറക്ടര്‍ തസ്തിക പോലും ഋഷിരാജ് സിംഗിന് കിട്ടാന്‍ ഇടയുണ്ട്. ഈ സാഹചര്യത്തില്‍ ഋഷിരാജ് സിംഗിനെ പിണക്കുന്നത് ഉചിതമാകില്ലെന്ന് മുഖ്യമന്ത്രിയെ ചില കേന്ദ്രങ്ങള്‍ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ഐഎംജിയിലേക്ക് ഋഷിരാജ് സിംഗിനെ മാറ്റാന്‍ തന്നെയാണ് ആലോചന. പകരം എ ഹേമചന്ദ്രനെ എക്‌സൈസ് കമ്മീഷണറാക്കിയേക്കും. ഡിജിപി റാങ്കിലുള്ള ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസിയുടെ എംഡിയാക്കുന്നതും പരിഗണനയിലുണ്ട്.

സംസ്ഥാനത്തു മദ്യശാലകള്‍ വ്യാപകമായി തുറക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ചെയ്തുനല്‍കിയത് ഋഷിരാജ്‌സിംഗായിരുന്നു. ഇത് ഇടതു സര്‍ക്കാരിന് വലിയൊരു ആശ്വാസമായിരുന്നു. കടുത്ത എതിര്‍പ്പു നേരിടുന്ന ഘട്ടങ്ങളിലും ലഹരി പദാര്‍ഥങ്ങളെ മാത്രം തള്ളിയും മദ്യത്തെ അനുകൂലിച്ചും സിങ് നടത്തിയ പരാമര്‍ശങ്ങളും സര്‍ക്കാരിന് അനുകൂലമായിരുന്നു.സംസ്ഥാനത്തു കഞ്ചാവ് അടക്കമുള്ള ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതു മദ്യത്തിന്റെ ലഭ്യത കുറഞ്ഞതു മൂലമാണെന്നായിരുന്നു എക്‌സൈസ് കമ്മീഷണറുടെ വാദം. ഇത്തരത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിന്നിട്ടും ഋഷിരാജ് സിംഗിന് അര്‍ഹതപ്പെട്ട പൊലീസിലെ സ്ഥാനം നല്‍കിയില്ല. ഇതോടെയാണ് ഋഷിരാജ് സിങ് പോരാട്ടത്തിന് ഇറങ്ങുന്നത്. അഴിമതിക്കെതിരെ പോരാടുന്നവരെ പിണറായി സര്‍ക്കാര്‍ ഒതുക്കുന്നതിന്റെ മറ്റൊരു നേര്‍കാഴ്ചയാണ് ഇത്.

ഐഎഎസുകാരായ രാജു നാരായണ സ്വാമി, പ്രശാന്ത്, ഇടുക്കി സബ് കളക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാമന്‍ എന്നിവരെയെല്ലാം പിണറായി സര്‍ക്കാര്‍ മൂലയ്ക്കിരുത്തി. ഐപിഎസില്‍ ജേക്കബ് തോമസിനും പണി കിട്ടി. ഇതിന് പിന്നാലെയാണ് ഋഷിരാജ് സിങിനേയും ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ഇത് സിവില്‍ സര്‍വ്വീസുകാര്‍ക്കിടയില്‍ അസ്യാരസ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്ലിലെ പോരായ്മയെ കുറിച്ച് നോട്ടെഴുതിയ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും പണികൊടുക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് അപ്രധാന വകുപ്പ് നല്‍കാനാണ് നീക്കം. ഇതിനൊപ്പമാണ് ഋഷിരാജ് സിങ് വിഷയവും സിവില്‍ സര്‍വ്വീസുകാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

 

Related posts