മറവി വരുത്തുന്ന ഓരോരോ വിനകളേ! സ്‌കൂട്ടര്‍ മോഷണം പോയെന്ന വീട്ടമ്മയുടെ പരാതിയില്‍ പോലീസ് നാടുനീളെ അന്വേഷണം നടത്തി; കണ്ടെത്തിയപ്പോള്‍ വീട്ടമ്മ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് പോലീസ്

കറുകച്ചാലില്‍ നടന്ന ഒരു സംഭവവമാണ് ഇപ്പോള്‍ നാട്ടുകാരെ മുഴുവന്‍ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വഴിയരികില്‍ പാര്‍ക്ക് ചെയ്തിട്ട് പോയ തന്റെ സ്‌കൂട്ടര്‍ ഓരോ മോഷ്ടിച്ചുകൊണ്ടുപോയി എന്ന് പരാതിയുമായി വീട്ടമ്മ പോലീസ് സ്‌റ്റേഷനിലെത്തി. പരാതി സ്വീകരിച്ച് പോലീസ് അന്വേഷണവും തുടങ്ങി. എന്നാല്‍ സ്‌കൂട്ടര്‍ കണ്ടെത്തി കൊടുത്തപ്പോള്‍ വീട്ടമ്മ പറഞ്ഞതുകേട്ട് പോലീസ് ഇളിഭ്യരായി.

ശനിയാഴ്ച വൈകിട്ട് 3.30ന് കറുകച്ചാല്‍ കെഎസ്ഇബി ഓഫിസിന് എതിര്‍വശത്തെ മില്ലിനു മുന്നിലാണ് സംഭവം. നെടുംകുന്നം സ്വദേശിനിയായ വീട്ടമ്മയാണ് ചങ്ങനാശേരി വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ എസ്ബിഐ ബാങ്കിനു സമീപം താന്‍ വച്ച സ്‌കൂട്ടര്‍ കാണാനില്ലെന്ന് കാട്ടി കറുകച്ചാല്‍ പോലീസിനെ സമീപിച്ചത്.

ഉടന്‍ തന്നെ പോലീസ് എസ്ബിഐ ബാങ്കിനു സമീപം എത്തി പരിശോധിച്ചെങ്കിലും സ്‌കൂട്ടര്‍ കണ്ടെത്താനായില്ല. സ്‌കൂട്ടറിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ വച്ച് കവലയിലും പരിസരത്തും പരിശോധന നടത്തുന്നതിനിടയിലാണ് ചങ്ങനാശേരി റോഡിലെ മില്ലിന് സമീപം സ്‌കൂട്ടര്‍ കണ്ടെത്തിയത്. സ്‌കൂട്ടര്‍ കിട്ടിയ വിവരം അറിയിച്ചശേഷം വീട്ടമ്മയെ സ്ഥലത്ത് വിളിച്ചു വരുത്തിയപ്പോഴാണ് മോഷണം നടന്നിട്ടില്ലെന്നും സ്‌കൂട്ടര്‍ മറന്നു വച്ചതാണെന്നുമുള്ള സത്യം വീട്ടമ്മ തന്നെ വെളിപ്പെടുത്തിയത്.

മില്ലിനു സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ കയറാനായി സ്‌കൂട്ടര്‍ വഴിയരുകില്‍ ഹാന്‍ഡില്‍ ലോക്ക് വരെ ചെയ്തിരുന്നു. തുടര്‍ന്ന് ഇരുനൂറ് മീറ്റര്‍ മാറിയുള്ള ബാങ്കിലേക്ക് നടന്നാണ് ഇവര്‍ എത്തിയത്. നടന്നുവന്ന കാര്യം മറന്നുപോയ വീട്ടമ്മ ബാങ്കില്‍ നിന്നും തിരിച്ചിറങ്ങിയപ്പോള്‍ സ്‌കൂട്ടര്‍ കാണാതെ വന്നതിനെ തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.

 

 

Related posts