ചിന്താ ജെറോമും യുവജന കമ്മീഷനും ആകെ ചെയ്യുന്നത് ശമ്പളം വാങ്ങുക എന്ന ജോലി മാത്രം! ചിന്താ ജെറോമിനെതിരേ സിപിഎമ്മില്‍ വിമര്‍ശനം, എന്തിനിങ്ങനെ ഒരു കമ്മീഷനെന്ന് യുവാക്കളും

യുവജനങ്ങളുടെ ക്ഷേമത്തിന് എന്ന പേരില്‍ സര്‍ക്കാര്‍ രൂപീകരിച്ച യുവജന കമ്മീഷന്റെ ഏകജോലി ശമ്പളം വാങ്ങുക മാത്രമാണെന്ന് വിവരാവകാശ രേഖകള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷ ചിന്താ ജെറോം ഓണറേറിയവും വീട്ടുവാടകയും യാത്രാ ബത്തയുമെല്ലാം കൂടി ഇതുവരെ 9.71 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്.

സര്‍ക്കാര്‍ കോടി രൂപയുടെ ഫണ്ട് യുവജന കമ്മീഷന് നല്കുന്നുണ്ട്. കൂടുതല്‍ ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണോ എന്തോ കിട്ടിയ ഒരുകോടി 10 ലക്ഷം രൂപയില്‍ 39 ലക്ഷവും തിരിച്ചടച്ചു. ശമ്പളത്തിനായുള്ള 92.54 ലക്ഷം രൂപ മാത്രം മാറിയെടുക്കുകയും ചെയ്തു.

ഈ സാമ്പത്തികവര്‍ഷം ഒരു കോടി രൂപ ബജറ്റില്‍ വന്നു. അതില്‍ 70 ലക്ഷം അനുവദിച്ചുനല്‍കി. 19.5 ലക്ഷം രൂപ ചെലവാക്കാതെ തിരിച്ചടച്ചു. 83.12 ലക്ഷം രൂപ കമ്മിഷന്‍ അംഗങ്ങള്‍ക്കും മറ്റുമായി ശമ്പളത്തിനായി അനുവദിച്ചു. എന്തായാലും ചിന്ത ജെറോം അധ്യക്ഷയായ കമ്മീഷനെതിരേ സിപിഎമ്മില്‍ തന്നെ വിമര്‍ശനം ശക്തമാണ്.

യുവാക്കള്‍ക്കുവേണ്ടി തുടങ്ങിയ കമ്മീഷന്‍ സത്യത്തില്‍ ചെയ്യുന്നത് കുറച്ചുപേര്‍ക്കു സര്‍ക്കാര്‍ ചെലവില്‍ ജീവിക്കാനുള്ള അവസരമൊരുക്കല്‍ മാത്രമാണ്. ഔദ്യോഗിക വാഹനവും ഡ്രൈവറുമെല്ലാം അധ്യക്ഷയ്ക്ക് നല്കിയിട്ടുണ്ട്. ഇടയ്ക്ക് ചില സെമിനാറുകളില്‍ പങ്കെടുക്കുക, ചാനല്‍ പരിപാടിയില്‍ തല കാണിക്കുക എന്നിവയില്‍ ഒതുങ്ങുന്നു പ്രവര്‍ത്തനങ്ങള്‍.

Related posts