ബംഗളുരു: ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന് ഐപിഎൽ സീസണിലെ മൂന്നാം ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 14 റണ്‍സിന് ബാംഗളൂർ കീഴടക്കി. ബാംഗളൂർ ഉയർത്തിയ 168 റണ്‍സ് ലക്ഷ്യം പിന്തുടർന്ന മുംബൈക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 153 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
ഹാർദിക് പാണ്ഡ്യ(50), കൃണാൽ പാണ്ഡ്യ(23), ജെ.പി.ഡുമിനി(23) എന്നിവർക്കൊഴികെ മറ്റാർക്കും മുംബൈ നിരയിൽ തിളങ്ങാൻ കഴിഞ്ഞില്ല. നായകൻ രോഹിത് ശർമ നേരിട്ട ആദ്യ പന്തിൽതന്നെ പുറത്തായി. ബാംഗളൂരിനായി ടിം സൗത്തി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റു ചെയ്ത ബാംഗളൂർ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് നേടി. മികച്ച തുടക്കം മുതലാക്കാൻ കഴിയാതിരുന്നതാണു ബാംഗളൂരിനെ വന്പൻ സ്കോർ നേടുന്നതിൽനിന്നു തടഞ്ഞത്. 45 റണ്‍സ് നേടിയ മന്നൻ വോറയാണ് ബാംഗളൂർ ടോപ് സ്കോറർ.
ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ ബാംഗളൂരിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റ് അഞ്ച് ഓവറിൽ 38 റണ്‍സ് കൂട്ടിച്ചേർത്തപ്പോൾ ഡി കോക്ക്(7) മടങ്ങി. പതിവിനു വിപരീതമായി മൂന്നാം സ്ഥാനത്തിറങ്ങിയ ബ്രണ്ടൻ മക്കല്ലം മന്നൻ വോറയ്ക്കൊപ്പം ചേർന്നതോടെ ബാംഗളൂർ സ്കോർ ഉയർന്നു. ഇടയ്ക്ക് 45 റണ്‍സ് നേടി വോറ പുറത്തായെങ്കിലും മക്കല്ലവും നായകൻ വിരാട് കോഹ്ലിയും ഒത്തുചേർന്നതോടെ ബാംഗളൂർ സ്കോർ കുതിച്ചു.
14-ാം ഓവറിന്റെ മൂന്നാം പന്തിൽ മക്കല്ലം പുറത്തായി. 37 റണ്‍സായിരുന്നു വെറ്ററൻ താരത്തിന്റെ സന്പാദ്യം. ഇതിനുശേഷം ബാംഗളൂരിനു തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറിൽ വിരാട് കോഹ്ലി(32)യടക്കം മൂന്നു പേർ പുറത്തായി. അവസാന ഓവറിൽ ഗ്രാൻഡ്ഹോം നടത്തിയ ബാറ്റിംഗ് വെടിക്കെട്ടാണ് ബാംഗളൂർ സ്കോർ 150 കടത്തിയത്.
ഗ്രാൻഡ്ഹോം 10 പന്തിൽ 23 റണ്‍സ് നേടി പുറത്താകാതെനിന്നു. മുംബൈക്കായി ഹാർദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ, മാർക്കണ്ഡെ, മക്ഗ്ലീഗൻ എന്നിവർ ഓരോ വിക്കറ്റും നേടി.