കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വിദൂര വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പേപ്പര്‍-രണ്ട് ഉത്തരകടലാസിന്റെ കൗണ്ടര്‍ ഫോയില്‍ നഷ്ടപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കണമെന്നു സംഭവത്തെകുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരീക്ഷ വിഭാഗം ചുമതലയില്‍ നിന്ന് പരീക്ഷ കണ്‍ട്രോളറെ മാറ്റി നിര്‍ത്തണം. ബന്ധപ്പെട്ട വകുപ്പിലെ ജീവനക്കാര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തണം.
ഈ സംഭവം യൂണിവേഴ്‌സിറ്റിയുടെ വിശ്വാസത്തെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നു സംശയിക്കുന്നതായും കെഎസ്‌യു ആരോപിച്ചു. യൂണിവേഴ്‌സിറ്റി അധികൃതര്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിച്ച് വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതത്വമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് ആവശ്യപ്പെട്ടു. നിസംഗ നിലപാടാണ് സര്‍വകലാശാല തുടരുന്നതെങ്കില്‍ കെഎസ്‌യു ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കും.
കൗണ്ടര്‍ ഫോയില്‍ കാണാതായതുമൂലം മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരകടലാസുകള്‍ ഏത് വിദ്യാര്‍ഥിയുടെതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് മൂലം ഫലപ്രഖ്യാപനം വരെ നടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കൗണ്ടര്‍ ഫോയില്‍ നഷ്ടപ്പെട്ട ഇത്തരകടലാസുകള്‍ തിരിച്ചറിയാന്‍ യൂണിവേഴ്‌സിറ്റി നിലവില്‍ സ്വീകരിച്ച രീതി കൈയക്ഷരം ഒത്തുനോക്കലാണ്. ഇത് നിയമാനുസൃതവും ശാസ്ത്രീയവുമല്ല. കൗണ്ടര്‍ ഫോയില്‍ എലി നശിപ്പിച്ചതാണെന്ന സര്‍വകലാശാലയുടെ വിശദീകരണം വിശ്വാസയോഗ്യമല്ല. നഷ്ടപ്പെട്ട കൗണ്ടര്‍ ഫോയിലുകള്‍ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടോ എന്നറിയാന്‍ ഒഫീഷ്യല്‍ സെര്‍ച്ച് നടത്താന്‍ അധികൃതര്‍ തയാറാവണം.
യൂണിവേഴ്‌സിറ്റി ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ നിന്ന് മാറ്റുമ്പോള്‍ എതിര്‍ത്ത ആളുകള്‍ കണ്ണൂരില്‍ യൂണിവേഴ്‌സിറ്റി സുരക്ഷിതത്വമല്ല എന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും സംശയമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കൗണ്ടര്‍ ഫോയില്‍ കാണാതായെന്നറിഞ്ഞിട്ടും രഹസ്യമായി സൂക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ നടപടി വേണം. സിന്‍ഡിക്കേറ്റിന്റെ ഉപസമിതി നടത്തുന്ന അന്വേഷണത്തില്‍ കുറ്റക്കാര്‍ക്ക് നടപടി സ്വീകരിക്കുവാനോ സംഭവത്തിന്റെ ദുരൂഹത പുറത്ത് കൊണ്ടുവരാനോ കഴിയാന്‍ സാധിക്കുന്നതല്ല. ഈ അന്വേഷണം പ്രഹസനമാണെന്നും സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പത്രസമ്മേളനത്തില്‍ റോബര്‍ട്ട് വെള്ളാമ്പള്ളി, വി.പി. അബ്ദുള്‍ റഷീദ്, പി.വി. അമേഷ്, വി. രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.