കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ ശ്വാസം മുട്ടിയുളള മരണം പതിവാകുന്നു

klm-kinarപരവൂര്‍:  കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നവര്‍ അപകടത്തില്‍പ്പെടുന്നതും മരണംസംഭവിക്കുന്നതും വര്‍ധിക്കുന്നു. ഒരാഴ്ചമുന്‍പ് പരവൂര്‍ പൊഴിക്കര ഈച്ചന്റഴികം മുക്കിനു സമീപത്തെ വീട്ടുപുരയിടത്തില്‍ കിണറ്റില്‍ തൊടികള്‍ക്കിടയില്‍ മെറ്റല്‍ ഇറക്കാന്‍ എത്തിയ രണ്ടു പേര്‍മരിച്ചു.25 തൊടി താഴ്ചയുളള കിണറ്റില്‍ പകുതി എത്തിയപ്പേഴേയ്ക്കും ശ്വാസം കിട്ടാതെ   കുഴഞ്ഞു വീണു. ഇതുകണ്ട് രക്ഷപ്പെടുത്താന്‍ പിന്നാലെ ഇറങ്ങിയാളും അപകടത്തില്‍പ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ശാസ്താം കോട്ടയിലും സമാനരീതിയില്‍ അപകടം ഉണ്ടായി.

മൈനാഗപ്പളളി കിഴിക്കേക്കര വീട്ടില്‍ കിണര്‍ വൃത്തിയാക്കാന്‍ ആദ്യം ഇറങ്ങിയാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനിറങ്ങിയയാളും മരിക്കുകയായിരുന്നു. കിണറിന് 30 അടിയിലേറെ ആഴമുണ്ടായിരുന്നു. കുണ്ടറയില്‍ കിണറ്റില്‍ വീണ ആളെ രക്ഷിക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ 40 അടി താഴ്ചയുളള കിണറ്റില്‍ ഇറങ്ങിയെങ്കിലും വായു കിട്ടാത്തതിനാല്‍ കരയ്ക്കുകയറി.  പിന്നീട് ഓക്‌സിജന്‍ കിറ്റുമായാണ് ഇറങ്ങിയത്. കിണറ്റില്‍ ഇറങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യേഗസ്ഥര്‍ പറയുന്നു.

കിണറ്റില്‍ ഇറങ്ങുന്നതിന് മുന്‍പ് ഏതെങ്കിലും വിളക്കു കത്തിച്ചു കിണറ്റില്‍ ഇറങ്ങണം .വിളക്ക് അണയുകയാണെങ്കില്‍ മതിയായ ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നു മനസിലാക്കാന്‍ സാധിക്കും. ഓക്‌സിജന്‍ കുറവുളള കിണറുകളില്‍ ഇറങ്ങുമ്പോള്‍ തന്നെ അപകടം തിരിച്ചറിയാന്‍ കഴിയും. ശ്വാസമെടുക്കാനുളള ബുദ്ധിമുട്ട് അനുഭവപ്പെടുക, തലപെരുപ്പ് , തലവേദ എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തിരിച്ചു കയറണം.ഓക്‌സിജന്‍ ലഭിക്കാന്‍ മരച്ചില്ല പലതവണ മുകളിലേക്കും താഴേയ്ക്കും ഇറക്കുകയും കയറ്റുകയും വേണം.

വെളളം കോരി കിണറ്റിലേക്കു പലതവണ ഒഴിച്ചാലും മതിയാകും. വടം ഉപയോഗിച്ചു വേണം കിണറ്റില്‍ ഇറങ്ങേണ്ടത്. അത്യാവശ്യഘട്ടങ്ങളില്‍ പെടുന്നനെ ആളിനെ മുകളില്‍ കയറ്റാന്‍ കഴിയുന്ന വിധത്തിലാകണം വടം കെട്ടേണ്ടത്. കിണറ്റില്‍ ഇറങ്ങുന്നതിനു മുന്‍പ് സമീപത്തെ ഫയര്‍‌സ്റ്റേഷനില്‍ വിവരം അറിയിക്കണം .തുടങ്ങിയ മുന്നറിയിപ്പുകളാണ് ഫയര്‍ ഫോഴ്‌സ് നല്‍കുന്നത്. ഈ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നത്.

Related posts