കുമരകം: ആഘോഷവേളകളില്‍ കൂള്ബാറിനൊപ്പം പടക്കം കച്ചവടം നടത്തിവന്ന വ്യാപാരി പടക്കം കച്ചവടം ഉപേക്ഷിച്ചു. പാണ്ടന്ബസാര് പദ്മവിലാസത്തില്‍ അജി(46)യാണ് വിഷുവിന് പടക്കം കച്ചവടത്തിന് ലൈസന്‍സ് വാങ്ങിയെങ്കിലും പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലാഭം ഉപേക്ഷിച്ച് കച്ചവടം വേണെ്ടന്നുവച്ചത്. ഈ വിഷുവിന്റെ വില്‍പ്പനയ്ക്കായി തമിഴ്നാട്ടില്‍ പോയി പടക്കം വാങ്ങാന്‍ തീരുമാനിച്ച ദിവസമാണ് ഉത്സവത്തോടനുബന്ധിച്ച് നൂറിലേറെപ്പേര്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചത്. ഇതോടെ പടക്കം വാങ്ങി വില്‍ക്കാനുള്ള നീക്കം ഉപേക്ഷിച്ച് വിഷുക്കണിക്കുവേണ്ട സാധനങ്ങള്‍ നിറച്ച് കിറ്റ് വില്ക്കാന് അജി തീരുമാനിച്ചത്.
കുമരകത്തെ മറ്റെല്ലാ പടക്കക്കച്ചവടക്കാരും കച്ചവടം വേണെ്ടന്നുവച്ചിട്ടുണ്ട്. കൊന്നപ്പൂവ്, വാഴപ്പഴം, മാമ്പഴം, ഓറഞ്ച്, മുന്തിരി, വെള്ളരി, മത്തന്‍, നാരങ്ങാ, ആപ്പിള്‍, അവല്, മലര്, ശര്‍ക്കര, സാമ്പ്രാണി തുടങ്ങിയവ അടങ്ങിയ വിഷുക്കിറ്റിന് 200 രൂപയാണ്. പതിവുപോലെ പടക്കം വാങ്ങാനെത്തിയവര്‍ നിറമനസോടെ വിഷുക്കിറ്റ് വാങ്ങി അജിയെ അഭിനന്ദിച്ചാണ് വീട്ടിലേക്കു മടങ്ങിയത്.