കോഴിക്കോട്: സൗദി ജയിലില്‍ 19 വര്‍ഷമായി കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് റിയാദ് ക്രിമിനല്‍ കോടതി വീണ്ടും മാറ്റിവച്ചു. ഒറിജിനല്‍ കേസ് ഡയറിയുടെ വീണ്ടുമുള്ള പരിശോധനയ്ക്കു കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കോടതി അബ്ദുള്‍ റഹീം മോചന കേസ് പന്ത്രണ്ടാം തവണയും മാറ്റിവച്ചത്.
സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോടമ്പുഴ മച്ചിലകത്ത് അബ്ദുള്‍ റഹീമിന്റെ മോചനകാര്യത്തിലുള്ള തീരുമാനം ഇനിയും നീളും. ഇന്നലെ രാവിലെ 10ന് സിറ്റിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുശേഷം കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.
ജയിലില്‍നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും റഹീമിന്റെ കുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവൂരും ഓണ്‍ലൈന്‍ കോടതിയില്‍ പങ്കെടുത്തു. മേയ് 26ന് രാവിലെ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ദയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ വധശിക്ഷ ഒമ്പതുമാസം മുമ്പ് കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ, പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ ഇടയാക്കുന്നത്.