സമാധാനത്തിനായി രണ്ടു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ ലാഹോറില്‍ ഒന്നിച്ചിരുന്ന് കരാര്‍ ഉണ്ടാക്കുമ്പോള്‍ മുഷറഫിന്റെ പട്ടാളം ഒരു ‘ പ്ലാന്‍ ബി’ ഉണ്ടാക്കുകയായിരുന്നു, പാക്കിസ്ഥാന്റെ പൊയ്മുഖത്തെ വിശ്വസിക്കരുതെന്ന് കണക്കുകള്‍ നിരത്തി അബ്ദുള്‍ റഷീദ് എഴുതുന്നു

ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങിയ സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധന്‍ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. അഭിനന്ദനെ വിട്ടയയ്ക്കാന്‍ പാക്കിസ്ഥാന്‍ ഒടുവില്‍ നിര്‍ബന്ധിതരായത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മഹാമനസ്‌കതയാണെന്ന തരത്തില്‍ ഒരുകൂട്ടര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ എന്നും മുന്നില്‍ ചിരിച്ച് പിന്നില്‍ ഇന്ത്യയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളുടെ കൂടാരമാണെന്ന് മാധ്യമപ്രവര്‍ത്തകനായ അബ്ദുള്‍ റഷീദ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

റഷീദിന്റെ വാക്കുകള്‍ – ഇമ്രാന്‍ ഖാനെ അഭിനന്ദിക്കുന്ന ഒരുപാട് കുറിപ്പുകള്‍ കണ്ടു. നല്ലത്. ‘യുദ്ധം, യുദ്ധം’ എന്ന് എല്ലാവരും അലമുറയിടുമ്പോള്‍ ‘ശാന്തി, സമാധാനം’ എന്ന് പറയാനും ആളുണ്ടാവണം. ഇല്ലെങ്കില്‍ ലോകം ഇരുണ്ടുപോകും.

പക്ഷേ, ഓര്‍ക്കണം. ഇമ്രാന്‍ ഖാനെക്കാള്‍ മധുരമായി ഇന്ത്യയോട് സംസാരിച്ച പാക് പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നു. 72ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഇന്ദിരയും സിംലയില്‍ ഒപ്പിട്ടത് സുസ്ഥിര സമാധാനത്തിനുള്ള കരാറായിരുന്നു. ഇതുവരെയുള്ള സംഘര്‍ഷങ്ങള്‍ മറക്കാം എന്നും ഇനി ഉപഭൂഖണ്ഡത്തിലെ വികസനത്തിനും സമാധാനത്തിനും വേണ്ടി ഒന്നിച്ചു നില്‍ക്കാം എന്നുമായിരുന്നു ആ കരാറിന്റെ അന്തസത്ത. അതിര്‍ത്തി രണ്ടു കൂട്ടരും മാനിക്കണമെന്നും കരാറുണ്ടായിരുന്നു.

എന്നിട്ടും എത്ര ഹ്രസ്വം ആയിരുന്നു സിംല കരാറിന്റെ ആയുസ് എന്ന് നമുക്കറിയാം. പിന്നെയും എത്രയോ ഉടമ്പടികള്‍, സമാധാനചര്‍ച്ചകള്‍, നീക്കങ്ങള്‍… 70 കൊല്ലമായിട്ടും ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ ഒരു ഉടമ്പടിയും ഫലവത്തായില്ല. തോക്കുകള്‍ നിശ്ശബ്ദമായില്ല.

പല വട്ടം ലംഘിക്കപ്പെട്ട സിംല കരാര്‍ പാലിക്കുമെന്ന് 99ല്‍ വാജ്‌പേയും നവാസ് ശരീഫും വീണ്ടും കരാറൊപ്പിട്ടു. സമാധാനത്തിനായി രണ്ടു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ ലാഹോറില്‍ ഒന്നിച്ചിരുന്ന് കരാര്‍ ഉണ്ടാക്കുമ്പോള്‍ മുഷറഫിന്റെ പട്ടാളം ഒരു ‘ പ്ലാന്‍ ബി’ ഉണ്ടാക്കുകയായിരുന്നു. അതായിരുന്നു കാര്‍ഗില്‍. ചര്‍ച്ചയുടെ മറവിലെ ചതി. കേരളത്തിലേക്ക് അടക്കം നിരയായി വന്ന നമ്മുടെ ഉറ്റവരുടെ മൃതപേടകങ്ങള്‍ ഓര്‍ക്കുക.

എല്ലാക്കാലത്തും അത് സംഭവിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പാക് ഭരണകൂടം സമാധാനം പറയുമ്പോള്‍തന്നെ മറുവശത്ത് പാകിസ്ഥാന്‍ പട്ടാളം പടയൊരുക്കം നടത്തിയിട്ടുണ്ട്. ഭീകരര്‍ ചാവേര്‍ സേനകളെ അയച്ചിട്ടുണ്ട്. പല വട്ടം ഇന്ത്യ ആ കെണിയില്‍ വീണിട്ടുമുണ്ട്.

അധികാരം കിട്ടിയ ഉടന്‍ അപ്രതീക്ഷിതമായി ലാഹോറിലേക്ക് പറന്നുപോയി നവാസ് ഷെരീഫിനെ കെട്ടിപ്പിടിച്ച നരേന്ദ്ര മോദിയെ ഓര്‍ക്കുക. കുട്ടികള്‍ക്ക് മധുരം കൊടുത്തു പിണക്കം മാറ്റും പോലെ ഒരു കശ്മീരി ഷോള്‍ കൊടുത്തു സമാധാനം കൊണ്ടുവരാം എന്നു കരുതിയ അപക്വ നയതന്ത്രജ്ഞത. അതിന് ഭീകരര്‍ പക വീട്ടിയത് ഉറിയിലും പത്താന്‍കോട്ടിലും നമ്മുടെ സൈനിക താവളങ്ങള്‍ ചുട്ടായിരുന്നു.

പാക്കിസ്ഥാന്‍ ഈ വിധം അപകടകാരിയാകുന്നത് അത് ഇനിയും ജനാധിപത്യം ഉറയ്ക്കാത്ത ഒരു രാജ്യമാകുന്നത് കൊണ്ടുകൂടിയാണ്. ഭരണകൂടത്തിന് പൂര്‍ണ നിയന്ത്രണമുള്ള സൈന്യമോ വ്യവസ്ഥയോ പാക്കിസ്ഥാനില്‍ ഇല്ല എന്നത് മനസ്സിലാക്കണം. ഇപ്പോഴും എപ്പോഴും പട്ടാളത്തിന് ഭരണം പിടിക്കാവുന്ന അസ്ഥിരത.

പാക്കിസ്ഥാന്‍ മൂന്ന് സമാന്തര ശക്തികളാണ്. ഏറ്റവും ശക്തം സൈന്യമാണ്. അതിനോടുചേര്‍ന്ന് രഹസ്യാന്വേഷണ കൂട്ടമായ ഐഎസ്‌ഐയും. രണ്ടാമത്തെ ശക്തി പരന്നുകിടക്കുന്ന മത മേലങ്കിയണിഞ്ഞ ഭീകര സംഘങ്ങളാണ്. അവരുടെ സ്വാധീനം നാം കരുതുന്നതിലും ഭീകരമാണ്. മൂന്നാമതേ വരൂ, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം. കൂട്ടത്തില്‍ ഏറ്റവും ദുര്‍ബലം.

നാം ഭീകരസംഘടന എന്നുപറയുന്ന ജമാഅത്തുദഅവക്കും ജയ്‌ഷേ മുഹമ്മദിനുമൊക്കെ നൂറുകണക്കിനു സ്‌കൂളുകളും കോളജുകളും മതപാഠശാലകളും സ്ഥാപനങ്ങളും ജീവനക്കാരുമുണ്ട്. പരിശീലന കേന്ദ്രങ്ങളും. ഭരണകൂടത്തിന് തൊടാന്‍ പോലും കഴിയാത്ത സമാന്തര ഭരണം.

മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം എന്ന് ഇന്ത്യ പറയുന്ന ഹാഫിസ് സാഇദൊക്കെ ഇപ്പോഴും നഗരങ്ങളില്‍ ഇന്ത്യാവിരുദ്ധ റാലികള്‍ നടത്തി സര്‍വസ്വതന്ത്രരായി നടക്കുകയാണ്. ഇമ്രാന്‍ വിചാരിച്ചാലും തൊടാന്‍ പറ്റില്ല. ഓര്‍ക്കണം, മുംബൈ ഭീകരര്‍ പരിശീലിച്ചതും പോയതും പാക് മണ്ണില്‍ നിന്നാണ് എന്നത് വെറും ആരോപണം അല്ല. പാക്കിസ്ഥാന്‍ സമ്മതിക്കുകയും അന്വേഷിക്കാം എന്നു പറയുകയും ചെയ്ത പരമാര്‍ത്ഥമാണ്. എന്നിട്ടും..!

ഇമ്രാന്‍ ഇന്നലെ പറഞ്ഞതില്‍ ഒരു വലിയ നേരുണ്ട്. ഭീകരതകൊണ്ട് ഇന്‍ഡ്യയെക്കാള്‍ മുറിവേറ്റ രാജ്യമാണ് അവര്‍. ഓരോ വര്‍ഷവും കുറഞ്ഞത് മൂവായിരം പാക്കിസ്ഥാനികള്‍ പൊട്ടിത്തെറികളില്‍ ചാരമാവുന്നു. ലാഹോറും ഇസ്ലാമാബാദും കറാച്ചിയും എത്രയോ തവണ പൊട്ടിത്തെറിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയിലെ ചോരപ്പുഴകള്‍…ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകംപോലും ഇനിയും തെളിഞ്ഞിട്ടില്ല. പാക് താലിബാന്‍ ആയിരുന്നുവത്രെ.

എന്നിട്ടും ഭീകരതയ്ക്ക് ചങ്ങലയിടാന്‍ അവര്‍ക്ക് കഴിയുന്നില്ല. രാജ്യത്തെ ഭീകര സംഘങ്ങള്‍ ഭരണകൂടത്തേതന്നെ ദുര്‍ബലമാക്കുന്നുവെന്നു സമ്മതിച്ചത് പര്‍വേശ് മുഷറഫ് തന്നെയാണ്.

ഇത്രയും പറഞ്ഞതിനര്‍ഥം യുദ്ധമാണ് പരിഹാരം എന്നല്ല. എഴുപതു കൊല്ലത്തില്‍ പല ഇന്ത്യന്‍ നേതാക്കളും പരിഹാരത്തിന് ശ്രമിച്ച സമസ്യയാണ് പാക്കിസ്ഥാന്‍ എന്ന് ഓര്‍മ്മിച്ചു എന്നു മാത്രം. യുദ്ധവാദികളുടെ അന്ധമായ കൊല വെറിക്കും സമാധാനവാദികളുടെ നിഷ്‌കളങ്കതയ്ക്കും ഇടയിലെവിടെയോ ആണ് പ്രശ്നത്തിന്റെ മര്‍മ്മം.

മരകായുധവുമായി നില്‍ക്കുന്ന, സ്ഥിരതയില്ലാത്ത ഒരു അയല്‍ക്കാരനെ ഏതു തന്ത്രത്താല്‍ ഒതുക്കാം? എഴുപതു വര്‍ഷമായി ആ ഉത്തരം തേടുകയാണ് നമ്മള്‍.

Related posts