സൗത്ത് കരോലിനയിലുള്ള 31 -കാരിയായ എലിസബത്ത് വെബർ എന്ന യുവതിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കർശനമായ ഗർഭഛിദ്ര വിരുദ്ധ നിയമങ്ങളെ തുടർന്ന് വൈദ്യസഹായം നിഷേധിക്കപ്പെട്ട് ആഴ്ചകളായി ജീവനില്ലാത്ത കുഞ്ഞിനെ ഉദരത്തിൽ വഹിക്കുകയാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
കുഞ്ഞ് ഉദരത്തിൽ വച്ച് തന്നെ മരിച്ചിട്ട് ഇപ്പോൾ മൂന്നാഴ്ച ആയി. ഇപ്പോഴും ജീവനില്ലാത്ത കുഞ്ഞിനെ താൻ ഉദരത്തിൽ വഹിക്കുകയാണ്. തന്റെ ശാരീരികാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വെബർ പറഞ്ഞു. ആറ് ആഴ്ചയും ഒരു ദിവസവും ആയപ്പോൾ കുഞ്ഞിന്റെ വളർച്ച നിലച്ചതാണ്. എന്നാൽ ഇത് അബോർഷൻ നടത്താൻ നിയമം അനുവദിക്കുന്നില്ല എന്നാണ് വെബർ വെളിപ്പെടുത്തുന്നത്.
അതേസമയം, സൗത്ത് കരോലിനയിൽ ഏകദേശം ആറ് ആഴ്ച ഗർഭകാലത്തിനു ശേഷം ഗർഭഛിദ്രം നടത്തുന്നതിന് കർശനമായ നിരോധനമാണ് നിലവിലുള്ളത്. ഗർഭഛിദ്രം നിയമവിരുദ്ധമാകുന്ന കൃത്യമായ സമയം സംബന്ധിച്ച് ഈ നിയമം നിലവിൽ കോടതി അവലോകനത്തിലാണ്. എങ്കിലും നിലവിലെ നിയമപ്രകാരം 6 ആഴ്ചയ്ക്കു ശേഷമുള്ള ഗർഭഛിദ്രം നിയമവിരുദ്ധമാണ്.
കൂടാതെ, 2021-ൽ നിയമത്തിൽ വരുത്തിയ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ നേരിയ ഹൃദയമിടിപ്പ് കണ്ടെത്തിക്കഴിഞ്ഞാൽ പോലും ഗർഭഛിദ്രം അനുവദനീയമല്ല.