അപകടങ്ങളൊഴിയാതെ കൈതവന ജംഗ്ഷൻ; ഇന്നലെ രാത്രിയുണ്ടായ അപകടങ്ങളിൽ ആറുപേർക്ക് പരിക്ക്

ആലപ്പുഴ: കൈതവന ജംഗ്ഷനിൽ അപകടങ്ങളൊഴിയുന്നില്ല. ഇന്നലെ രാത്രിയുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി ആറുപേർക്കാണ് പരിക്കേറ്റത്. രാത്രി 11.15ഓടെ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു ആദ്യ അപകടം.കണിച്ചുകുളങ്ങര സ്വദേശികളായ അമൽ (20), അഭിജിത്ത് (20, ശ്രീദേവ് (18), അരവിന്ദ് (19) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കുകൾ കാറുമായി ഇടിക്കുകയായിരുന്നു. ഇതിനുശേഷം ഒരുമണിക്കൂർ പിന്നിട്ടപ്പോഴാണ് അടുത്ത അപകടമുണ്ടായത്. കോട്ടയത്തേക്ക് കാറുകളുമായി പോകുകയായിരുന്ന ട്രെയിലർ ലോറിയിലേക്ക് പഴവീട് ഭാഗത്തുനിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന ചങ്ങനാശേരി സ്വദേശി ജോ, ട്രെയിലർ ഡ്രൈവർ ബാലാജി എന്നിവർക്ക് പരിക്കേറ്റു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. അപകടമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ പാതയോരത്തേക്ക് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സെൻട്രൽ റോഡ് ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞിടെ കൊമ്മാടിമുതൽ കൈതവന വരെയുള്ള റോഡ് പുനർനിർമിച്ചിരുന്നു.

റോഡ് നിർമാണം പൂർത്തിയാക്കിയെങ്കിലും ജംഗ്ഷനുകൾ തിരിച്ചറിയുന്നതിനുള്ള സിഗ്നലുകളടക്കം സ്ഥാപിച്ചിട്ടില്ല. പഴവീട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൈതവന ജംഗ്ഷനിലാണ് എസി റോഡിലേക്ക് കയറുന്നത്. രാത്രികാലങ്ങളിൽ പഴവീട് ഭാഗത്തുനിന്നും വേഗതയിലെത്തുന്ന വാഹനങ്ങൾ എസി റോഡിൽ ചങ്ങനാശേരി മുക്ക് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാതെ പ്രവേശിക്കുന്നതുമൂലം കൈതവനയിൽ അപകടമുണ്ടാകുന്നത് പതിവായിരിക്കുകയാണ്.

Related posts