കൊച്ചി: ടാങ്കര്‍ ലോറിയില്‍നിന്ന് സള്‍ഫ്യൂരിക് ആസിഡ് ദേഹത്തുവീണ് ബൈക്ക് യാത്രികരായ മൂന്നു പേര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവറിനെ എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ തീക്കോയി മാടപ്പള്ളി വീട്ടില്‍ എം.ആര്. ഗിരീഷാണ് (36) പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
അപകടകരമായി വാഹനമോടിച്ചതിനും മനുഷ്യജീവന് അപകടരമായ രീതിയില്‍ അലക്ഷ്യമായി രാസവസ്തു കൈകാര്യം ചെയ്തതിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ടാങ്കര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കണ്ണമാലി കണ്ടക്കടവ് പാലക്കാപ്പള്ളി വീട്ടില്‍ പി.എസ് ബിനീഷിന് (36) സാരമായി പൊള്ളലേറ്റു.
ഇദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ബിനീഷിന്റെ ശരീരത്തില്‍ 20 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും നിസാരമായി പൊള്ളലേല്‍ക്കുകയുണ്ടായി.
ചൊവ്വാഴ്ച വൈകിട്ട് 6.45ന് തേവര സിഗ്നലിന് സമീപമായിരുന്നു അപകടം. ടൈല്‍ ജോലിക്കാരനായ ബിനീഷ് ജോലികഴിഞ്ഞ് കരിമുകളില്‍നിന്ന് വീട്ടിലേക്കുവരുന്ന വഴി എതിരെവന്ന ലോറിയില്‍നിന്ന് ബിനീഷിന്റെ ഇരുകൈകളിലും കഴുത്തിലും ആസിഡ് വീഴുകയായിരുന്നു.
ദേഹത്ത് എന്തോവീണ് പൊള്ളല്‍ അനുഭവപ്പെട്ടതോടെ ബൈക്ക് നിര്‍ത്തി നോക്കിയപ്പോള്‍ ഷര്‍ട്ടിന്റെ ചിലഭാഗം കരിഞ്ഞ നിലയില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ഉടനെ സ്ഥലത്തുണ്ടായിരുന്ന പോലീസിനെ വിവരമറിയിച്ചു. ബൈക്കിലും ബാഗിലുമെല്ലാം ആസിഡ് വീണിട്ടുണ്ട്.
ബൈക്ക് യാത്രികരായ മറ്റൊരു ദമ്പതികളുടെ ശരീരത്തിലും ആസിഡ് വീണ് പൊള്ളലേറ്റിട്ടുണ്ട്. കൊച്ചി തുറമുഖത്തുനിന്ന് ഫാക്ടിലേക്ക് സള്‍ഫ്യൂരിക് ആസിഡുമായി പോയ ടാങ്കര്‍ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് സൗത്ത് പോലീസ് പറഞ്ഞു.