സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ വിധി വന്നതോടെ ഉയര്‍ന്നുവന്ന ഒരു ചോദ്യമാണ് എന്തിനും ഏതിനും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആധാര്‍ രാജ്യത്തുനിന്ന് ഇല്ലാതാകുമോ എന്നത്. ആധാര്‍ വിവരങ്ങള്‍ ഒരിക്കലും ചോരുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്ന അവസരത്തില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലെന്ന് വ്യക്തമാക്കി വിവരാവകാശ രേഖ. ആധാര്‍ വിവരങ്ങള്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് പരിശോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ തെറ്റാണെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ആധാര്‍ വിവരങ്ങള്‍ ‘പൂര്‍ണമായും’ വിദേശകമ്പനിക്ക് പരിശോധിക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുപ്രീം കോടതിയിലെ സ്വകാര്യതാ കേസില്‍ കക്ഷിയായിരുന്ന ബംഗളുര്‍ സ്വദേശി നല്‍കിയ വിവരാവകാശ അപേക്ഷയാണ് ആധാര്‍ വിവരങ്ങള്‍ വിദേശ കമ്പനിയ്ക്കു ലഭ്യമാണെന്ന കാര്യം വ്യക്തമാക്കുന്നത്. യു.എ.ഡി.എ.ഐയ്ക്ക് ബയോമെട്രിക് ഉപകരണങ്ങള്‍ നല്‍കിയ കമ്പനികളില്‍ ഒന്നായ യു.എസിലെ എല്‍-1 ഐഡന്റിറ്റി സൊലൂഷന് ആധാര്‍ വിവരങ്ങള്‍ ജോലിയുടെ ഭാഗമായി ലഭിക്കുമെന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നത്. കൂടാതെ മോര്‍ഫോ, അക്സഞ്ചര്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റ്ഡ എന്നീ കമ്പനികള്‍ക്കും സമാനമായ കരാര്‍ നല്‍കിയിട്ടുണ്ടെന്ന് മറുപടിയില്‍ പറയുന്നു. ആധാര്‍ വിവരങ്ങള്‍ ഒരു സ്വകര്യ സ്ഥാപനത്തിനും ലഭിക്കുന്നില്ലെന്നായിരുന്നു യു.ഐ.ഡി.എ.ഐയുടെ അവകാശവാദം. ഇത് തെറ്റാണെന്നു തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ സി.ഐ.എ ചോര്‍ത്തിയതായി അടുത്തിടെ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. ബയോമെട്രിക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന യു.എസ് കമ്പനി വഴിയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നായിരുന്നു വിക്കിലീക്സ് റിപ്പോര്‍ട്ട്. ഏതായാലും അതിനെ സാധൂകരിക്കുന്ന രീതിയിലുള്ളതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട്.