തിരുവനന്തപുരം: തന്നെ ക്രൂരമായി മർദിച്ച സീനിയർ അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തതോടെ തനിക്ക് നീതി ലഭിച്ചെന്ന് അഡ്വ. ശ്യാമിലി ജസ്റ്റിൻ. ജൂണിയർ അഭിഭാഷകയെ മർദിച്ച കേസിൽ ഇന്നലെയാണ് സീനിയർ അഭിഭാഷകനായ ബെയ്ലിൻ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇനി കോടതിയുടെ തീരുമാനം എന്തുതന്നെയായാലും ബെയ്ലിൻ ദാസിനെ അറസ്റ്റ് ചെയ്തതോടെ തനിക്ക് നീതി ലഭിച്ചുവെന്നാണ് ശ്യാമിലി അഭിപ്രായപ്പെട്ടത്. ഓഫീസില്‍ തന്നെ മര്‍ദിച്ചതിന് സാക്ഷികളുണ്ട്. അവരിൽ ആരൊക്കെ സാക്ഷിപറയുമെന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല. ഇനി ഇത്തരത്തിൽ ഒരാള്‍ക്കു പോലും അനുഭവമുണ്ടാകരുത്. ആര്‍ക്കും ആരെയും കൈനീട്ടി അടിക്കാനോ ഉപദ്രവിക്കാനോ അവകാശമില്ല. ഇനി ഇത്തരം അനുഭവം ആര്‍ക്കെങ്കിലും ഉണ്ടായാൽ അവരും മുന്നോട്ടുവരണമെന്നാണ് പറയാനുള്ളതെന്നും അഡ്വ. ശ്യാമിലി ജസ്റ്റിൻ പറഞ്ഞു.
അതേസമയം അഡ്വ. ബെയ്ലിൻ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി ഏഴോടെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഡാൻസാഫ് സംഘവും തുമ്പ പൊലീസും ചേർന്ന് ബെയ്ലിൻ ദാസിനെ പിടികൂടിയത്. ബെയ്ലിൻ ദാസ് കഴിഞ്ഞ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെയെന്ന് പോലീസ് പറയുന്നു.
സഹോദരനെ ചോദ്യം ചെയ്തതാണു കേസില്‍ വഴിത്തിരിവായതെന്നും പോലീസ് പറയുന്നു. കാര്‍ ബെയ്ലിന് ദാസ് കൊണ്ടു പോയെന്ന സഹോദരൻ പറഞ്ഞതിനെത്തുടർന്ന് കാറിനായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കു. കാര്‍ കഴക്കൂട്ടം ഭാഗത്തു സഞ്ചരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുമ്പ പോലീസ് നടത്തിയ തെരച്ചിലിൽ സ്റ്റേഷന് കടവില്‍ വച്ചു ബെയ്ലിനെ പിടികൂടുകയായിരുന്നു. പിന്നീട് പ്രതിയെ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
അന്വേഷണസംഘത്തലവൻ തിരുവനന്തപുരം ഡപ്യൂട്ടി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖിന്റെ നേതൃത്വത്തിൽ ബെയ്ലിൻ ദാസിനെ ചോദ്യം ചെയ്തു.ബോധപൂർവം സ്ത്രീത്വത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടിരുന്നില്ലെന്നും ജൂണിയർ അഭിഭാഷക ശ്യാമിലി ജസ്റ്റിനുമായി സംസാരിക്കുന്നതിനിടെ പ്രകോപനപരമായി മറുപടി പറഞ്ഞ സാഹചര്യത്തിലാണ് താൻ മർദിച്ചതെന്നുമാണ് ബെയ്ലിൻ ദാസ് പോലീസിനു നൽകിയ മൊഴിയെന്നാണു സൂചന.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് വഞ്ചിയൂരിലെ ബെയ്ലിൻ ദാസിന്റെ ഓഫിസിൽ വച്ച് ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ക്രൂരമായി മർദിച്ചത്. വലതുകവിൾ അടിച്ചു തകർത്തിരുന്നു. തുടർന്ന് കോടതിയിലെ ബാർ അസോസിയേഷൻ ഹാളിലുണ്ടായിരുന്ന ബെയ്ലിൻ ദാസിനെ പിടികൂടാൻ പോലീസ് എത്തിയെങ്കിലും അഭിഭാഷകർ തടഞ്ഞിനെ തുടർന്നു അറസ്റ്റു ചെയ്യാൻ കഴിഞ്ഞില്ലെന്ന ആരോപണമുയർന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു.