ആലപ്പുഴ: കോളറ രോഗലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ആലപ്പുഴ തലവടി പഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം പുത്തൻപറമ്പിൽ പി.ജി. രഘു (48) ആണു മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രഘുവിനെ രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒൻപതിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രക്തപരിശോധനയിൽ കോളറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം വിസർജ്യ പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ കോളറ മൂലമാണ് മരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രഘുവിന് എവിടെനിന്നാണു രോഗം ബാധിച്ചതെന്നും സ്ഥിരീകരിച്ചിട്ടില്ല.
കടുത്ത വയറിളക്കവും ഛർദിയുമായാണു രഘുവിനെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉള്ളയാളാണു രഘു. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തിലാണ് ജീവൻ നിലനിർത്തിയിരുന്നത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി, മകൾ: ശിവ പാർവതി (ഒന്നാംവർഷ നഴ്സിംഗ് വിദ്യാർഥി, ബംഗളൂരു).
സംസ്ഥാനത്ത് ഈ വർഷം കോളറ രോഗലക്ഷണങ്ങളോടെയുള്ള രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ ഏപ്രിൽ 20ന് തിരുവനന്തപുരത്ത് കോളറ ബാധിച്ച് കവടിയാര്‍ സ്വദേശിയായ കാര്‍ഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. മരണാനന്തരം നടത്തിയ രക്ത പരിശോധനയിൽ ഇദ്ദേഹത്തിനു കോളറ സ്ഥിരീകരിച്ചിരുന്നു. 2024 ഓഗസ്റ്റിൽ വയനാട്ടിൽ കോളറ ബാധിച്ച് സുൽത്താൻ ബത്തേരി നൂൽപ്പുഴ സ്വദേശി വിജില (30) മരിച്ചിരുന്നു.
ഡ്രൈവറായ രഘുവിന് യാത്രാവേളയിലാകാം രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. രണ്ടാഴ്ച മുൻപ് തൃശൂർപൂരം കാണുന്നതിനും ഗുരുവായൂരിൽ കല്യാണ ചടങ്ങിൽ പങ്കെടുക്കുന്നതിനും ചെങ്ങന്നൂരിൽ സുഹൃത്തിനെ സന്ദർശിക്കുന്നതിനും പോയിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കുളിക്കുന്നതിനായി പൊതു ജലാശയങ്ങളെ ആശ്രയിച്ചിരുന്നതും കുടിക്കാനായി സ്ഥിരമായി തണുത്ത വെള്ളമാണ് ഉപയോഗിച്ചിരുന്നതും രോഗസാധ്യതയ്ക്ക് കാരണമായോ എന്നും പരിശോധിക്കും.
രഘുവിന്റെ വീടിന് സമീപത്തെ കുടിവെള്ള സ്രോതസുകളിൽ നടത്തിയ പരിശോധനഫലം നെഗറ്റീവാണ്. രോഗിയുടെ ഭാര്യയെയും നഴ്സിംഗ് വിദ്യാർഥിയായ മകളെയും മാതാവിനെയും പരിശോധിച്ചതിൽ അവർക്ക് രോഗലക്ഷണങ്ങളില്ല.
മരണം ജനകീയ പ്രതിരോധ കാന്പയിൻ നടക്കുന്നതിനിടെ
കോളറ ബാധിച്ചതായുള്ള ആശങ്കകളെത്തുടർന്ന് കഴിഞ്ഞ ആഴ്ച മുതൽ തലവടിയിൽ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ജനകീയ പ്രതിരോധ കാന്പയിനുകൾ പഞ്ചായത്ത് തലത്തിൽ ആരംഭിച്ചിരുന്നു. ജാഗ്രതാ നിർദേശങ്ങൾ ജനങ്ങളെ മൈക്കിലൂടെ അറിയിക്കുകയും വീടുകളിൽ നോട്ടീസുകൾ നൽകുകയും ചെയ്തിരുന്നു. പ്രദേശങ്ങളിലെ ജലസ്രോതസുകളുടെ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിനു മെഗാ ശുചീകരണ കാന്പയിൻ ഇന്ന് മുതൽ ആരംഭിക്കും.
ശുദ്ധജല സ്രോതസുകളിൽനിന്നു സാംപിൾ ശേഖരിച്ച് ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ചു തലവടി പഞ്ചായത്ത് ആറാം വാർഡിൽ ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ വെക്ടർ സർവേ ആരംഭിച്ചു.
മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനവും സജീവമാക്കി. അതേസമയം, കുട്ടനാട്ടിൽ കോളറ എന്ന തരത്തിൽ ആശങ്ക പടർത്തേണ്ട സാഹചര്യമില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതുവരെ രഘുവിന് മാത്രമാണു കോളറ ലക്ഷണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.