കാഞ്ഞിരപ്പള്ളി: വിഷരഹിതമായ പച്ചക്കറികളും കണ്ണിന് കുളിർമയേകുന്ന ചെടികളും കൊണ്ട് സന്പന്നമാണ് പൊൻകുന്നം പിഎൻപി റോഡിൽ കുരിശുംമൂട്ടിൽ ജൂലിയ തോമസിന്റെ വീട്. 25 വർഷംമുന്പ് വീട്ടിലെ ആവശ്യങ്ങൾക്കായി പച്ചക്കറി കൃഷി തുടങ്ങിയ ജൂലിയ ഇന്ന് ചിറക്കടവ് പഞ്ചായത്തിലെ മികച്ച വനിതാ കർഷകയാണ്. പാവൽ, കോവൽ, പയർ, വെണ്ട, വഴുതന, കോളിഫ്ലവർ, കാബേജ്, തക്കാളി, വിവിധയിനം പച്ചമുളക്, വെള്ളരി, ചീര, കപ്പ, വാഴ, ചേന, ചേന്പ്, കരിന്പ് തുടങ്ങി നിരവധി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഇതോടൊപ്പം വിവിധയിനം ചെടികളും ജൂലിയയുടെ വീട്ടുമുറ്റത്തുണ്ട്.
ഒരു ഏക്കറിലാണ് ഈ വിസ്മയ കാഴ്ച. വിഷരഹിതമായ പച്ചക്കറികൾ വാങ്ങാൻ പ്രദേശത്തെ നിരവധി ആളുകളാണ് ജൂലിയയുടെ വീട്ടിലേക്ക് വരുന്നത്. വീട്ടിൽ തന്നെയാണ് ഇവയെല്ലാം വില്പന നടത്തുന്നതും. കൃഷിയോടൊപ്പം മൂന്ന് പശുക്കളുമുണ്ട്.
ചിറക്കടവ് പഞ്ചായത്ത് കൃഷിഭവന്റെ മികച്ച വനിതാ കർഷകശ്രീ അവാർഡ്, പൊൻകുന്നം, ചിറക്കടവ് സർവീസ് സഹകരണ ബാങ്കുകളുടെ മികച്ച കർഷക അവാർഡ്, ചിറക്കടവ് പഞ്ചായത്ത് നാലാം വാർഡ് എഡിഎസ് മികച്ച വനിതാ കർഷക അവാർഡ് എന്നിവ ജൂലിയയെ തേടിയെത്തിയിട്ടുണ്ട്. ഭർത്താവ് കെ.സി. തോമസും മക്കളായ ഗ്ലാഡിസ് എലി സബത്ത് തോമസ്, ഗ്ലേയ്സ് മരിയ തോമസ്, ജോസഫ് കെ. തോമസ് എന്നിവരും ജൂലിയയ്ക്ക് പിന്തുണയായി ഒപ്പമുണ്ട്.