ന്യൂഡൽഹി: ജൂൺ 12ന് സംഭവിച്ച അഹമ്മദാബാദ് വിമാനദുരന്തത്തെത്തുടർന്നു താത്കാലികമായി നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ. ഓഗസ്റ്റ് ഒന്നു മുതൽ അന്താരാഷ്ട്ര സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ബോയിംഗ് 787 വിമാനങ്ങളിൽ മുൻകരുതൽ പരിശോധനകൾ നടത്തുന്നതിന്റെ ഭാഗമായാണ് സർവീസുകൾ നിർത്തിവച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ ഭാഗിക സർവീസുകൾ പുനഃസ്ഥാപിക്കുമെന്നും ഒക്ടോബർ ഒന്നോടെ പൂർണമായും സാധാരണനിലയിലെത്തുമെന്നും എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു.
പ്രധാന മാറ്റങ്ങൾ
ഡൽഹി-ലണ്ടൻ (ഹീത്രു) – ഇന്നു മുതൽ ആഴ്ചയിൽ 24 വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു. ഡൽഹി-സൂറിച്ച് – ഓഗസ്റ്റ് ഒന്നു മുതൽ ആഴ്ചയിൽ നാലിൽനിന്ന് അഞ്ച് ആയി വർധിപ്പിച്ചു. ഡൽഹി-ടോക്കിയോ (ഹനേഡ), ഡൽഹി-സിയോൾ (ഇഞ്ചിയോൺ) – ഓഗസ്റ്റ്, സെപ്റ്റംബറിൽ യഥാക്രമം മുഴുവൻ പ്രതിവാര സർവീസുകളും പുനഃസ്ഥാപിക്കും. ഡൽഹി-ആംസ്റ്റർഡാം ഓഗസ്റ്റ് ഒന്നുമുതൽ ആഴ്ചയിൽ ഏഴ് വിമാന സർവീസുകൾ പുനഃസ്ഥാപിക്കും.
അഹമ്മദാബാദിനും ലണ്ടനും (ഹീത്രു) ഇടയിൽ നിലവിലുള്ള ആഴ്ചയിൽ അഞ്ച് സർവീസുകൾക്കു പകരമായി ആഴ്ചയിൽ മൂന്നു തവണ സർവീസ് നടത്തും. കൂടാതെ, ഡൽഹി-നൈറോബി സർവീസുകൾ ഓഗസ്റ്റ് 31 വരെ ആഴ്ചയിൽ മൂന്നു തവണയായിരിക്കും സർവീസ്. ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും സെപ്റ്റംബർ അവസാനം വരെ പതിനഞ്ചിലധികം റൂട്ടുകൾ കുറഞ്ഞ ആവൃത്തിയിൽ സർവീസ് തുടരും. ബംഗളൂരു-ലണ്ടൻ (ഹീത്രു) സർവീസുകൾ ആഴ്ചയിൽ ഏഴിൽനിന്ന് ആറായി കുറച്ചു. ഓഗസ്റ്റ് ഒന്നു മുതൽ ആഴ്ചയിൽ നാലു തവണയായി കുറയ്ക്കും. ഓഗസ്റ്റ് ഒന്നു മുതൽ ഡൽഹി-പാരീസ് വിമാന സർവീസ് ആഴ്ചയിൽ 12 ൽ നിന്ന് ഏഴായി കുറയ്ക്കും.
ഡൽഹി-മിലാൻ വിമാന സർവീസ് ആഴ്ചയിൽ നാലിൽനിന്ന് മൂന്നായി കുറയ്ക്കും. ഇന്നു മുതൽ പ്രാബല്യത്തിൽ വരും. അതേസമയം ഡൽഹി-കോപ്പൻഹേഗൻ വിമാന സർവീസ് ആഴ്ചയിൽ അഞ്ച് സർവീസ് എന്നതിൽനിന്ന് മൂന്നായി കുറയ്ക്കും. ഓഗസ്റ്റ് 31 വരെ ഡൽഹി-വിയന്ന വിമാന സർവീസുകൾ ആഴ്ചയിൽ നാലിൽനിന്ന് മൂന്നായി കുറച്ചു.
അമൃത്സർ-ബർമിംഗ്ഹാം വിമാന സർവീസുകൾ ആഴ്ചയിൽ മൂന്നിൽനിന്ന് രണ്ടായി കുറച്ചു. സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽനിന്ന് ബർമിംഗ്ഹാമിലേക്കുള്ള വിമാന സർവീസ് ആഴ്ചയിൽ മൂന്നു തവണയിൽനിന്ന് രണ്ടായും കുറച്ചിട്ടുണ്ട്. വാഷിംഗ്ടൺ, ചിക്കാഗോ, സാൻ ഫ്രാൻസിസ്കോ, ടൊറന്റോ, വാൻകൂവർ, ന്യൂയോർക്ക് (ജെഎഫ്കെ, ന്യൂവാർക്ക്) എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇപ്പോഴും കുറവാണ്. ആഴ്ചയിൽ മൂന്നു മുതൽ ഏഴു വരെ സർവീസുകളാണ് നിലവിലുള്ളത്.
ഡൽഹി-മെൽബൺ, ഡൽഹി-സിഡ്നി വിമാന സർവീസുകൾ ആഴ്ചയിൽ അഞ്ച് എന്ന നിരക്കിൽത്തന്നെ തുടരും. അമൃത്സർ-ലണ്ടൻ (ഗാറ്റ്വിക്ക്), ഗോവ (മോപ)-ലണ്ടൻ (ഗാറ്റ്വിക്ക്), ബംഗളൂരു-സിംഗപുർ, പുനെ-സിംഗപുർ എന്നിവയുൾപ്പെടെയുള്ള നാല് അന്താരാഷ്ട്ര റൂട്ടുകൾ സെപ്റ്റംബർ 30 വരെ നിർത്തിവച്ചിരിക്കുകയാണ്. റീബുക്കിംഗ് ഓപ്ഷനുകൾ അല്ലെങ്കിൽ മുഴുവൻ പണവും യാത്രക്കാർക്കു തിരികെ നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. താത്കാലിക വെട്ടിക്കുറയ്ക്കലുകൾ ഉണ്ടെങ്കിലും ഘട്ടം ഘട്ടമായി 63 നഗരങ്ങളിലേക്കായി എയർ ഇന്ത്യ ആഴ്ചയിൽ 525ൽ അധികം അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്.