കോട്ടയം: നഗരസഭയില്‍ 2.4 കോടി രൂപ തട്ടിയെടുത്ത അഖില്‍ സി. വര്‍ഗീസ് പിടിയിലായതോടെ പുറത്തറിയേണ്ടതു തട്ടിയെടുത്ത വന്‍ തുക എങ്ങനെ ചെലവഴിച്ചുവെന്ന വിവരം. തട്ടിയെടുത്ത പണം ഉപയോഗിച്ചു രണ്ട് ആഡംബര ബൈക്കുകളും കാറും കൊല്ലത്ത് സ്ഥലവും വാങ്ങിയതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ വെറും 2000ല്‍പ്പരം രൂപ മാത്രമാണുണ്ടായിരുന്നത്. മുമ്പു കൊല്ലത്ത് ജോലി ചെയ്യുമ്പോഴും ഇയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ട്.
തട്ടിപ്പ് തുടർക്കഥ
ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം അഖില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആശ്രിത നിയമനത്തിലാണ് ഇയാള്‍ക്കു കൊല്ലം കോര്‍പറേഷനില്‍ ജോലി ലഭിക്കുന്നത്. അഖിലിനു 18 വയസ് മാത്രം പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചപ്പോള്‍ ആശ്രിത നിയമനത്തിന്റെ ഭാഗമായിട്ടാണ് കോര്‍പറേഷനില്‍ ജോലി ലഭിക്കുന്നത്.
ഇവിടെ അക്കൗണ്ട് വിഭാഗത്തില്‍ ജോലി ലഭിക്കുമ്പോള്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതോടെ നടപടിയെടുക്കുന്നതിന്റെ ഭാഗമായിട്ട് ഈരാറ്റുപേട്ട നഗരസഭയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഈരാറ്റുപേട്ടയിലും പരാതിയുണ്ടായതോടെയാണ് 2020ല്‍ അഖില്‍ കോട്ടയം നഗരസഭയില്‍ എത്തുന്നത്. തുടര്‍ന്നു നീണ്ട നാലു വര്‍ഷം കോട്ടയം നഗരസഭയിലുണ്ടായിരുന്ന ഇയാള്‍ 2.4 കോടി രൂപയുടെ ക്ഷേമ പെന്‍ഷനാണു തട്ടിയെടുത്തത്.
പെന്ഷന് ലഭിക്കുന്നവരുടെ പേരുകളുടെ കൂട്ടത്തിലേക്കു സ്വന്തം അമ്മയുടെ പേരായ പി. ശ്യാമള എന്ന് കൂട്ടിച്ചേര്‍ത്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ആദ്യകാലങ്ങളില്‍ ചെറിയ തുകയായിരുന്നു ശ്യാമളയുടെ പേരിലേക്കു മാറ്റിയിരുന്നത്. തട്ടിപ്പ് നടത്തുന്ന കാര്യം ആരും അറിയുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ വലിയ തുക പി. ശ്യാമളയുടെ പേരിലേക്കു മാറ്റുകയായിരുന്നു. ഒടുവില്‍ അഞ്ചു ലക്ഷം രൂപവരെ മാറ്റിയതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. പെന്ഷന് വിഭാഗം കൈകാര്യം ചെയ്ത ക്ലാര്‍ക്കിന്റെ മേല്‍വിലാസത്തിലാണ് അഖില്‍ നഗരസഭയുടെ പെന്ഷന് അക്കൗണ്ടിലുടെ പണം മാറ്റിയിരുന്നത്.
സ്ഥലം മാറിയിട്ടും…
നഗരസഭാ സെക്രട്ടറിയുടെ പക്കല്‍നിന്നും ചെക്ക് ഒപ്പിട്ടു വാങ്ങിശേഷമാണ് അഖില്‍ വഴിവിട്ട് പണം മാറ്റിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. കോട്ടയം നഗരസഭയില്‍നിന്നും വൈക്കത്തേക്ക് സ്ഥലം മാറിപ്പോയിട്ടും ഇയാള്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞു കോട്ടയം നഗരസഭയില്‍ എത്തി തട്ടിപ്പ് നടത്തിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു. പുതുതായി കോട്ടയത്ത് എത്തിയ ഉദ്യോഗസ്ഥരെ സഹായിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ എത്തിയിരുന്നത്. വൈക്കത്തെ ഓഫീസിലും പെന്ഷന് വിഭാഗത്തില്‍ അഖിലിനെതിരേ പരാതി ഉയര്‍ന്നതോടെ ഇയാളെ കാഷ് വിഭാഗത്തിലേക്കു മാറ്റിയിരുന്നു.
ഒളിവിലും സഹായമെത്തി
വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി ഒരു വര്‍ഷം ഒളിവില്‍ കഴിഞ്ഞപ്പോഴേക്കും അഖിലിനു വിവിധ കോണുകളില്‍നിന്നു ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങള്‍ നിലച്ചു. സംഭവം പുറത്തുവന്നതോടെ തട്ടിപ്പ് നടത്തിയ പണത്തില്‍നിന്നു പിന്‍വലിച്ച ഏഴു ലക്ഷം രൂപയുമായി ഇയാള്‍ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഇതിനുശേഷം നിരവധി ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും ഒളിവില്‍ കഴിഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ സഹായങ്ങള്‍ ചെയ്തുനല്കിയ ബന്ധുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ എല്ലാം ഒളിവില്‍ കഴിഞ്ഞെങ്കിലും ഒടുവില്‍ ഇയാള്‍ സ്വദേശമായി കൊല്ലത്തേക്കു തന്നെ മടങ്ങിയെത്തുകയായിരുന്നു.
ഒളിവിൽ കഴിയുന്ന സമയത്ത് മൊബൈല്‍ ഫോണും എടിഎം കാര്‍ഡും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ലാപ്ടോപ്പിൽ വിവിധ സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ചു ജിമെയിലും ഇന്റര്‍നൈറ്റ് ബാങ്കിംഗും നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. അഖിലിനു വിവിധ ബാങ്കുകളുടെ നാലു ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടായിരുന്നു.
ഒളിവുകാലത്തും അതിനു മുമ്പും നടത്തിയ പണ മിടപാടുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഒളിവില്‍ പോയശേഷം കൊല്ലത്ത് എത്തി അഖില്‍ ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ തനിക്ക് കാണേണ്ടെന്ന നിലപാടായിരുന്നു ഭാര്യ സ്വീകരിച്ചത്.
അഖില്‍ കൊല്ലത്തുള്ളതായി വിജിലന്‍സിനു പല തവണ രഹസ്യവിവരം ലഭിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും ഇയാള്‍ രക്ഷപ്പെടുന്നതും പതിവായിരുന്നു. പ്രതി കൊല്ലത്തുള്ളതായും വിവിധ സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുന്നതായും വിവരം ലഭിച്ചതോടെ പ്രത്യേക പദ്ധതി തയാറാക്കിയ പോലീസ് സംഘം ലോഡ്ജില്‍നിന്നും ഇയാളെ പിടികൂടുകയായിരുന്നു.