കോട്ടയം: പ്ലസ് വണ്‍ വിദ്യാർഥിനിയെ ഫോണിൽ ശല്യം ചെയ്തതിനു പോലീസിൽ പരാതി നൽകിയതിനു വീടു കയറി ആക്രമിച്ച സംഘത്തിലെ മൂന്നാമനായി തെരച്ചിൽ.
രണ്ടു പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.വിദ്യാർഥിനിയെ ഫോണിൽ നിരന്തരം ശല്യം ചെയ്തതിനു പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സംഘം ചേർന്നു കുടുംബത്തെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആക്രമിക്കുകയും ചെയ്തു.മൂലേടം കുറ്റിക്കാട്ട് ക്ഷേത്രത്തിനുസമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം.
ആക്രമണം നടത്തിയ സംഘത്തിലെ സഹോദരൻമാരായ രണ്ടുപേരെ സമീപവാസികൾ ചേർന്നു പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
പരാതിക്കാരുടെ വീടിനുസമീപം മുന്‍പ് വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് ആക്രമണം നടത്തിയത്.
സമീപത്ത് താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർ ഉച്ചഭക്ഷണം കഴിക്കുന്നതിനു വീട്ടിലെത്തിയപ്പോൾ ബഹളം കേട്ട് നോക്കിയപ്പോഴാണ് ആക്രമണവിവരം അറിഞ്ഞത്.
ഉടൻതന്നെ സമീപത്തുളളവരെ വിളിച്ചുചേർത്ത് രണ്ടുപേരെയും പിടിച്ചുകെട്ടി പോലീസ് ഏൽപ്പിച്ചു. സംഘത്തിലെ മറ്റൊരാൾ രക്ഷപ്പെട്ടിരുന്നു.
സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്രമണത്തിൽ പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.

