തിരുവല്ല: ഭര്‍ത്താവിന്റെ ശാരീരികോപദ്രവം ഭയന്ന് അമ്മയ്ക്കൊപ്പം വാടകവീട്ടില്‍ താമസിച്ചു വന്നിരുന്ന യുവതിയെ വീടുകയറി ആക്രമിച്ചു. ബിയര്‍ കുപ്പികൊണ്ടുള്ള ഭര്‍ത്താവിന്റെ ആക്രമണത്തില്‍ 30 കാരിക്ക് ഗുരുതര പരിക്ക്.
വധശ്രമത്തിനു കേസെടുത്ത തിരുവല്ല പോലീസ് യുവതിയുടെ ഭര്‍ത്താവ് തിരുവല്ല കുറ്റപ്പുഴ മഞ്ഞാടി തൈമല മൈലമൂട്ടില്‍ വീട്ടില്‍ എം. കെ. രാജേഷി (39)നെ അറസ്റ്റ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഏഴുവര്‍ഷം മുമ്പ് വിവാഹിതരായവരാണ് ഇരുവരും. മദ്യലഹരിയില്‍ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുമെന്ന് യുവതി പോലീസിനു മൊഴി നല്കി. തുടര്‍ന്ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസം മാറിയ യുവതിയെ കഴിഞ്ഞ പത്തിനു രാവിലെ 9.30 ന് അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു.
യുവതിയെ തള്ളിത്താഴെയിട്ടശേഷം ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയും കുപ്പി പൊട്ടിയപ്പോള്‍ അതുപയോഗിച്ച് കഴുത്തിലും താടിയിലും നെഞ്ചിലും കുത്തി മുറിവേല്പിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മൊഴി.
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു. രക്ഷപ്പെട്ട് ഓടിയ യുവതിയെ സഹോദരി ഓട്ടോറിക്ഷയില്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു.എഎസ്ഐ മിത്ര വി. മുരളി ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. അറസ്റ്റിലായ രാജേഷിനെ കോടതി റിമാന്‍ഡ് ചെയ്തു.