മലയാളികളുടെ മനസിലെ ഭൂതകാലത്തെ തൊട്ടുണര്‍ത്തി മണ്ണിന്റെ മണമുള്ള ഗാനങ്ങളുമായി അലോഷി ആദം. പഴയ നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളും ഗസലുകളും വിപ്ലവഗാനങ്ങളും ചേര്‍ത്തുള്ള മലയാളത്തനിമയുള്ള ഗാനങ്ങള്‍ പാടുമ്പോള്‍ അതില്‍ ലയിക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടുന്നത്. പ്രായഭേദമെന്യേ ആ ഗാനങ്ങളെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുകയാണ് മലയാളി.
അനുകരണങ്ങള്‍ക്കും ട്രെന്റുകള്‍ക്കും പിന്നാലെ പോകാതെ താന്‍ സ്വന്തമായി വെട്ടിത്തുറന്ന പാതയിലൂടെയാണ് അലോഷിയുടെ സംഗീതയാത്ര. പയ്യന്നൂര്‍ പുഞ്ചക്കാട് താമസിക്കുന്ന നൃത്താധ്യാപികയായ അമ്മ റോസ്ലിനാണ് സ്വരസ്ഥാനങ്ങളും ആരോഹണ അവരോഹണങ്ങളും ചൊല്ലിക്കൊടുത്ത് സംഗീതലോകത്തേക്ക് പിച്ചവച്ച് നടത്തിച്ചത്. അധ്യാപകനായ അച്ഛന് ലൂയിസിന് മകന് വിദ്യാഭ്യാസരംഗത്ത് മുന്നേറുവാന്‍ ആയിരുന്നു താത്പര്യം. എന്നാല്‍, മകന്റെ താത്പര്യം കാല്‍പ്പന്തുകളിയോടായിരുന്നു. നല്ലൊരു കളിക്കാരനാകണമെന്നായിരുന്നു ഉള്ളിലെ ആഗ്രഹവും. അതിനാല്‍ത്തന്നെ പരമാവധി സമയങ്ങള്‍ പന്തിന് പിന്നാലെയായിരുന്നു.
കാലൊടിഞ്ഞത് സംഗീത വഴിതുറന്നു
ഒരിക്കല്‍ കളിയ്ക്കിടയില്‍ കാലൊടിഞ്ഞ് ആശുപത്രിയിലായി. കുറെ ദിവസം അനങ്ങാതെ കിടക്കേണ്ടിവന്നു. ഇതോടെയാണ് കാല്‍പ്പന്തുകളിയോടുള്ള പ്രണയം അവസാനിച്ചത്. പിന്നീട് ചാരംമൂടിക്കിടന്ന സംഗീതത്തെ ഊതിത്തെളിയിക്കുന്നതിനുള്ള ശ്രമമായിരുന്നു.
പാട്ടിനോട് താത്പര്യമുണ്ടായിരുന്നുവെങ്കിലും ആളുകള്‍ക്ക് മുന്നില്‍ പാടാന്‍ സങ്കോചവുമായിരുന്നു. പയ്യന്നൂര്‍ കോളജില്‍ പഠിക്കുമ്പോള്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായിരുന്നു. ഡിഗ്രി പഠനത്തിന് ശേഷമാണ് വീണ്ടും പാട്ടിനെ നെഞ്ചോട് ചേര്‍ക്കാന്‍ തുടങ്ങിയത്.
ഗ്രാഫിക് ഡിസൈനിംഗ് പഠിച്ചശേഷം മൂന്ന് വര്‍ഷത്തോളം ദുബായില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു. നാട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് സംഗീത ലഹരി ജീവിതത്തിന്റെ കൂട്ടായി മാറിയത്. സോഷ്യല്‍ മീഡിയ പ്രചാരണങ്ങളിലൂടെ ആയിരുന്നു അലോഷി ആദം അറിയപ്പെടാന്‍ തുടങ്ങിയത്. ആരെങ്കിലും ആവശ്യപ്പെട്ടാല്‍പോലും രണ്ടുവരി പാടാന്‍ മടിച്ചുനിന്നിരുന്ന ഇയാള്‍ പാട്ടുപാടി സദസിനെ കൈയിലെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഗസലുകളും നാടകഗാനങ്ങളും സിനിമാ ഗാനങ്ങളുമായിരുന്നു ആദ്യകാലങ്ങളില്‍ സ്ഥിരമായി പാടിക്കൊണ്ടിരുന്നത്. അടിപൊളിഗാനങ്ങളും ത്രസിപ്പിക്കുന്ന താളമേളങ്ങളും ചടുലമായ നൃത്തച്ചുവടുകളുമായി യുവാക്കളെ ആകര്‍ഷിക്കുന്ന ഗാനമേളകള്‍ ശ്രദ്ധേയമാകുമ്പോഴായിരുന്നു മലയാളികളുടെ മുന്നില്‍ മണ്ണിന്റെ മണമുള്ള ഗാനങ്ങളുമായി അലോഷി എത്തിയത്. പക്ഷേ അലോഷി പാടുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന മലയാളത്തനിമയുള്ള ഗാനങ്ങള്‍ കേള്‍ക്കാനും ആസ്വദിക്കാനും ആളുകളുണ്ടായി.
പയ്യന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഒരു വിപ്ലവ ഗാനം പാടണമെന്ന് സദസില്‍നിന്നുള്ള ആവശ്യമയര്ന്നപ്പോള് മനസില്‍ വന്നത് “നൂറു പൂക്കളെ’ എന്ന ഗാനമായിരുന്നു. ഈ ഗാനം പാടുന്ന വീഡിയോ സുഹൃത്തുക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചപ്പോള്‍ വൈറലായി മാറുകയായിരുന്നു.
അറുന്നൂറ് വേദികള്‍ പിന്നിട്ട സംഗീതയാത്ര
പിന്നീടാണ് ആസ്വാദകരുടെ ആവശ്യപ്രകാരം പാട്ടുകള്‍ പാടാന്‍ തുടങ്ങിയത് ഹാര്‍മോണിയത്തിലൂടെ ചിട്ടപ്പെടുത്തിയ സ്വന്തം ഗാനങ്ങളും ആസ്വാദകര്‍ക്ക് പ്രിയങ്കരങ്ങളായി. 2021 ഖുര്‍ബത്ത് എന്ന സംഗീത ആല്‍ബത്തിലെ ഗാനങ്ങളെല്ലാം ഇങ്ങിനെ സ്വയം ചിട്ടപ്പെടുത്തിയതായിരുന്നു.
ഏതാനും സിനിമകളിലും അദ്ദേഹത്തിന് പാടാന്‍ അവസരം കിട്ടി. കേരളത്തിലെ വിവിധ സ്ഥലങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും യുകെ, അയര്‍ലന്റ്, യൂറോപ്പ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലുമായി അറുന്നൂറോളം വേദികളില്‍ പാടിക്കഴിഞ്ഞ അലോഷിക്ക് വിശ്രമമില്ലാത്ത ദിനങ്ങളാണിപ്പോള്‍.
മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പരിപാടിക്കായി ഇപ്പോള്‍ മുംബൈയിലാണ് അലോഷിയും സംഘവും. പ്രണയവും സങ്കടവും വിരഹവും സന്തോഷവും എല്ലാം പാട്ടിലൂടെ ഒഴുകിയെത്തുമ്പോള്‍ സദസ് ആ നാദധാരയിലേക്ക് അലിഞ്ഞുപോകുകയാണ്.
ഏകാന്ത കാമുകാ, ഓമലാളേ നിന്നെയോര്‍ത്ത്, കായലരികത്ത്, പൊന്നരിവാള്‍ അമ്പിളിയില്, കിനാവുകള്‍ ഒരുപാട് നേടി ഞാന്‍, കണ്ടു രണ്ടു കണ്ണ്, അല്ലിയാമ്പല്‍, ഒരു പുഷ്പം മാത്രം എന്നിവ അലോഷിയുടെ പ്രിയപ്പെട്ട പാട്ടുകളില്‍ ചിലതാണ്.
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ സീനിയര്‍ ആര്‍ട്ടിസ്റ്റായ റസാഖ് കരിവെള്ളൂരും കാഞ്ഞങ്ങാട് ആനന്ദുമാണ് കീ ബോര്‍ഡ് വായിക്കുന്നത്. അനൂപ് പയ്യന്നൂര്‍ ഹാര്‍മോണിയവും ഷിജിന് തബലയും വടകരയിലെ ഹാരീസ് വീരോളി ഗിറ്റാറും വയിച്ച് അലോഷിക്കൊപ്പമുണ്ട്.
ഭാര്യ: ജിഷ. മക്കള്‍: ആദം ലൂയീസ്, ഗാസ. ഇവരുടെ ദാമ്പത്യത്തിലുണ്ടായ ആദ്യജാതന് തന്റെ മനസില്‍ ഉറങ്ങിക്കിടന്നിരുന്ന ആദം എന്ന പേര് ചേര്‍ത്താണ് ആദം ലൂയിസ് എന്ന് പേരിട്ടത്. മാത്രമല്ല അന്നുമുതല്‍ മകന്റെ പേരിലെ ആദം തന്റെ പേരിനോട് ചേര്‍ത്ത് അലോഷി ആദം എന്നാക്കുകയായിരുന്നു.
പീറ്റര്‍ ഏഴിമല

