കടുത്തുരുത്തി: ഗുണ്ടാ തലവന്‍ അലോട്ടി ഉള്‍പ്പെട്ട കഞ്ചാവ് കേസിലെ സാക്ഷിയായ ഡിവൈഎഫ്ഐ മാഞ്ഞൂര്‍ മേഖലാ സെക്രട്ടറിയെ മൊഴി മാറ്റി പറയണമെന്നാവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തു.
കടുത്തുരുത്തി കെ.എസ്. പുരം ഗവ.എല്‍പി സ്കൂളിന് സമീപം താമസിക്കുന്ന കാലായില്‍ വീട്ടില്‍ കെ.വി. ഷിബു (കാച്ചിക്ക – 42) വിനെയാണ് കടുത്തുരുത്തി എസ്എച്ച്ഒ കെ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് അരുണ്‍ വി. വിജയന് കടുത്തുരുത്തി പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ-
ഒന്നര വര്‍ഷം മുമ്പ് 59.5 കിലോ കഞ്ചാവുമായി അലോട്ടിയുടെ സംഘത്തെ കുറുപ്പന്തറയ്ക്കു സമീപത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പിടികൂടപ്പെട്ട ആര്‍പ്പൂക്കര കൊപ്രായില്‍ ജെയിസ് മോന് ജേക്കബ് (അലോട്ടി-28) ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.
ഈ കേസിന്റെ വിചാരണ തൊടുപുഴ ലഹരി വിരുദ്ധ കോടതിയില്‍ ഈ മാസം 26-ന് ആരംഭിക്കാനിരിക്കെയാണ് കേസില്‍ സാക്ഷി പറയുന്നതില്‍നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം അരുണിനെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.