അതിബുദ്ധി വിനയായി! പ്രചോദനമായത് ദൃശ്യം സിനിമയിലെ കൊലപാതകം; ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്താന്‍ ശ്രീജു തെരഞ്ഞെടുത്തത് വേറിട്ട വഴി

ambuപാക്കം നരിവയല്‍ കാട്ടുനായ്ക്ക കോളനിയിലെ രാജു–ബിന്ദു ദമ്പതികളുടെ മകള്‍ അംബികയെ(20) കൊലപ്പെടുത്തി വനത്തില്‍ കുഴിച്ചിട്ട കേസിലെ പ്രതിയായ പാക്കം നരിവയല്‍ വീട്ടില്‍ ശ്രീജുവിനു ജീവപര്യന്തം തടവ്. ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തന്ത്രപൂര്‍വം നടത്തിയ കൊലപാതകത്തില്‍ പ്രതിയെ കുടുക്കിയത് സാഹചര്യത്തെളിവുകളാണ്.

സിനിമാകഥയെ വെല്ലുന്ന വിധമാണ് ശ്രീജു എല്ലാം ആസൂത്രണം ചെയ്തത്. വിവാഹിതയായശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു അംബിക. അയല്‍ക്കാരനായിരുന്നു ശ്രീജു. ഇവര്‍ തമ്മില്‍ അടുപ്പം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായിരുന്നു. ഇതിനിടെ അംബിക ഗര്‍ഭിണിയായി. ശ്രീജു ഇതറിഞ്ഞതോടെ കുപിതനായി. 2014 ഓഗസ്റ്റ് എഴിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പതിവായി സന്ധിക്കാറുള്ള സ്ഥലത്ത് അംബികയെ വിളിച്ചുവരുത്തി. അംബികയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ അലൂമിനിയം കമ്പി, കേബിള്‍, മുള എന്നിവ കാവല്‍പുരയില്‍ കരുതിയിരുന്നു. കാമുകി ഉറങ്ങിപ്പോയപ്പോള്‍ ശ്രീജു ഇവരുടെ കാലില്‍ അലൂമിനിയം കമ്പി ചുറ്റി കേബിള്‍ ഇതുമായി ഘടിപ്പിച്ച് തൊട്ടടുത്തു കൂടി കടന്നുപോകുന്ന ത്രീഫേസ് ലൈനില്‍ കുരുക്കുകയായിരുന്നു. അംബിക പിടഞ്ഞുമരിച്ചുവെന്ന് ബോധ്യമായശേഷം ലൈനില്‍ നിന്ന് മുള ഉപയോഗിച്ച് കേബിള്‍ മാറ്റി. ഒറ്റയ്ക്ക് മൃതദേഹം ചുമന്നുകൊണ്ടുപോയി വനത്തില്‍ കുഴിച്ചിടുകയായിരുന്നു.

302 വകുപ്പു പ്രകാരം ജീവപര്യന്തം തടവിനും 25000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷ. 201 –ാം വകുപ്പു പ്രകാരം നാലുവര്‍ഷം കഠിന തടവ്്, 15000 രൂപ പിഴ, ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തിയതിന് വൈദ്യുത നിയമലംഘനത്തിന് മൂന്നു വര്‍ഷം കഠിന തടവിനും ശിക്ഷ വിധിച്ചു. പിഴ സംഖ്യ ഈടാക്കിയാല്‍ അംബികയുടെ മകന് നല്‍കണം. മകന്റെ പുനരധിവാസം ഉറപ്പുവരുത്താന്‍ വയനാട് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദം പ്രതിയുടെ പ്രായവും പട്ടികവര്‍ഗക്കാരനാണെന്ന കാര്യവും പരിഗണിച്ച് നിരാകരിച്ച് ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു യുവതി. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് പ്രതിയുടേതാണെന്നു തെളിഞ്ഞതും അംബികയെ അവസാനമായി കണ്ടത് പ്രതിയോടൊപ്പമാണെന്ന ബസ് കണ്ടക്ടറുടെ മൊഴിയും കോടതിയുടെ ചോദ്യത്തിന് പ്രതിക്ക് വ്യക്തമായി ഉത്തരം നല്‍കാന്‍ സാധിക്കാത്തതും അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതി അംബികയുടെ അമ്മയ്ക്ക്് അയച്ച കത്തുമാണ് തെളിവായി സ്വീകരിച്ചത്.

ബിരുദവും ബിസിഎ ഡിപ്ലോമയുമുള്ള പ്രതി ആദിവാസികളിലെ കുറുമ സമുദായാംഗമാണ്. അംബികയുടെ മൃതദേഹം വനത്തില്‍ കണ്ടെത്തുന്നതിനു മുന്‍പ് ഒളിവില്‍പോയ ശ്രീജുവിനെ സൈബര്‍ പോലീസിന്റെ സഹായത്തോടെ കണ്ണൂരില്‍നിന്നാണ് അറസ്റ്റു ചെയ്തത്. പുല്‍പ്പള്ളി സിഐ കെ. വിനോദന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 51 സാക്ഷികളെ കോടതി വിസ്തരിച്ചു.

Related posts