രാഖിയെ കൊന്നത് കാമുകന്‍ അഖില്‍ തന്നെ ! മൂത്ത മകനും ഇളയമകനും കൂടി ഒരു പെണ്‍കുട്ടിയെ കൊല്ലുമ്പോള്‍ വേണ്ട ഉപദേശം കൊടുത്ത് അച്ഛനും; കഞ്ചാവ് മണിയനും മക്കളും ക്രൂരതയുടെ പര്യായമാവുന്നതിങ്ങനെ…

അമ്പൂരിയില്‍ കാമുകിയെ കൊന്ന് കുഴിച്ചു മൂടിയ അഖിലിന് ക്രൂരത കൂടെപ്പിറപ്പ്. അമ്പൂരിയില്‍ ഭീതി പരത്തി കഞ്ചാവ് കച്ചവടം നടത്തിയ ആളായിരുന്നു അഖിലിന്റെ അച്ഛന്‍ കഞ്ചാവ് മണിയന്‍ എന്ന രാജപ്പന്‍ നായര്‍. മകന്‍ പട്ടാളത്തില്‍ പോയതോടെ മണിയന്‍ പ്രത്യക്ഷത്തിലുള്ള തട്ടിപ്പ് നിര്‍ത്തി രാജപ്പന്‍ നായരായി. പുതിയ വീടു പണിയുന്നതിലായിരുന്നു പിന്നെ ശ്രദ്ധ. എന്നാല്‍ കാമുകി രാഖിയെ കുഴിച്ചു മൂടാന്‍ അച്ഛന്റെ സഹായമുണ്ടായിരുന്നുവെന്ന് അഖില്‍ വെളിപ്പെടുത്തിയതോടെ മണിയന്‍ വീണ്ടും വില്ലനാവുകയാണ്.

എല്ലാത്തിനും പിന്നില്‍ ആണ്‍മക്കളാണെന്ന് പറഞ്ഞ് കേസ് ഒഴിവാക്കാന്‍ രാജപ്പന്‍ എന്ന മണിയന്‍ ശ്രമിച്ചിരുന്നു. ഇത് തകര്‍ക്കുന്നതാണ് അഖിലിന്റെ മൊഴി. ഇതോടെ രാജപ്പനും കുടുങ്ങും. രാഖിയുടെ മൃതദേഹം കണ്ടെടുത്തപ്പോള്‍ മണിയന്‍ ഒളിവിലായിരുന്നു. പിന്നീട് കേസില്‍ പ്രതിയാകാതിരിക്കാന്‍ അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തി. മക്കളെ ന്യായീകരിക്കാതെ അന്വേഷണവുമായി സഹകരിച്ച നല്ലച്ഛനായി. ഇതിനിടെയാണ് നാട്ടുകാര്‍ വീട്ടില്‍ കുഴിയെടുക്കാന്‍ അച്ഛനും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. അപ്പോഴും മണിയന്‍ വീട്ടില്‍ തുടര്‍ന്നു. ഇതിനിടെയാണ് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തി അറസ്റ്റ് വരിച്ച അഖില്‍ അച്ഛനെ ഒറ്റികൊടുത്ത് സത്യം പറയുന്നത്. ഇതാണ് മണിയനേയും കേസില്‍ പ്രതിയാക്കുന്നത്. നാല് പ്രതികളാകും കൊലക്കേസില്‍ ഉണ്ടാകുക.

അമ്പൂരി രാഖി വധക്കേസില്‍ മുഖ്യപ്രതി അഖില്‍ പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. കാറില്‍വച്ച് തര്‍ക്കമുണ്ടായപ്പോള്‍ രാഖിയുടെ കഴുത്തുഞെരിച്ചു ബോധംകെടുത്തുകയായിരുന്നു. വീട്ടിലെത്തിച്ചു കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കിയതായും അഖില്‍ പൊലീസിനോടു പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് ശനിയാഴ്ച രാത്രിയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കും. ഡല്‍ഹിയില്‍നിന്നാണ് അഖില്‍ തിരുവനന്തപുരത്ത് എത്തിയത്. കീഴടങ്ങാന്‍ എത്തുന്നതായി അഖിലിന്റെ പിതാവും പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ സൈന്യത്തിന്റെ സഹായത്തോടെ എല്ലാം പൊലീസ് പിന്‍കൂട്ടി അറിഞ്ഞിരുന്നു. അഖിലിന്റെ സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. രാഹുല്‍ ശനിയാഴ്ച കുറ്റം സമ്മതിച്ചു. രാഖിയെ കൊല്ലുന്നതിനു മുന്‍കൂട്ടി തീരുമാനിച്ചിരുന്നെന്നാണു രാഹുല്‍ പൊലീസിനോടു പറഞ്ഞത്.

മൃതദേഹം മറവു ചെയ്തത് അച്ഛന്റെ സഹായത്തോടെയായിരുന്നുവെന്നും അതിനു ശേഷം നേരെ പോയത് കാശ്മീരിലേക്കായിരുന്നുവെന്നും അഖില്‍ മൊഴി നല്‍കി. ചേട്ടനും എല്ലാക്കാര്യത്തിനും ഒപ്പമുണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.രാഖിയുടെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ ഇതുവരെയും കണ്ടെത്തിയിട്ടില്ല. മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്. രാഖിയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകനായ അഖിലിലേക്ക് പൊലീസ് എത്തിയത്. ആറുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 15-ന് അഖില്‍ രാഖിയെ എറണാകുളത്തെ ക്ഷേത്രത്തില്‍വെച്ച് മാലചാര്‍ത്തിയിരുന്നു. ഇതിനുശേഷം അന്തിയൂര്‍കോണത്തുള്ള യുവതിയുമായി അഖില്‍ വിവാഹനിശ്ചയം നടത്തി. ഇതറിഞ്ഞ രാഖി കല്യാണംമുടക്കുമെന്ന് പറഞ്ഞതാണ് കൊലപാതകത്തിന് പ്രകോപനമായത്. അഖില്‍ നിര്‍മ്മിക്കുന്ന വീട്ടില്‍വച്ചുതന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അവിടെ വച്ച് കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കുഴിച്ചുമൂടാനായി നേരത്തെ കുഴിയെടുത്തിരുന്നു. അഖില്‍ പുതുതായി നിര്‍മ്മിക്കുന്ന വീട് കാണിച്ചുതരാമെന്നുപറഞ്ഞ് നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിലെത്തിയ രാഖിയെ അവിടെനിന്ന് കാറില്‍ കയറ്റി കൊണ്ടുവരികയായിരുന്നു.

ഡ്രൈവിംഗ് സീറ്റിന് എതിര്‍ഭാഗത്തായിരുന്നു രാഖി ഇരുന്നത്. കാറില്‍ വഴക്ക് മൂത്തപ്പോള്‍ അഖില്‍ പുറകിലിരിക്കുകയും രാഹുല്‍ കാര്‍ ഓടിക്കുകയുമായിരുന്നു. തുടര്‍ന്ന് പിന്നില്‍നിന്ന് അഖില്‍ കഴുത്തുഞെരിക്കുകയായിരുന്നു. പിന്നാലെ രാഹുല്‍ കയറുകൊണ്ട് കഴുത്തുമുറുക്കി മരണം ഉറപ്പാക്കി. ജഡത്തില്‍നിന്ന് മാറ്റിയ വസ്ത്രങ്ങള്‍ പന്നീട് കത്തിച്ചുകളഞ്ഞെന്നാണ് രാഹുലും പറയുന്നത്. ഇതിന്റെ തെളിവ് ലഭിച്ചിട്ടില്ല. അഖിലിന്റെയും രാഹുലിന്റെയും അച്ഛന്‍ മണിയനും പങ്കുള്ളതായി പരിസരവാസികളുടെ മൊഴിയും പൊലീസിന് കിട്ടി. അഖിലിന്റെ അച്ഛന്‍ മണിയന്‍ എന്ന കഞ്ചാവ് മണിയന്‍ പറയുന്നതെല്ലാം കള്ളമെന്ന് അയല്‍വാസികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തി.

രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം മറവു ചെയ്യാന്‍ പറമ്പില്‍ കുഴിയെടുത്തത് അച്ഛന്റെ കൂടി നിര്‍ദ്ദേശ പ്രകാരമാണെന്നും കുഴിച്ചുമൂടിയപ്പോള്‍ മണിയനും മക്കള്‍ക്കൊപ്പം ഉണ്ടായിരുന്നെന്നുമാണ് അയല്‍വാസികളുടെ മൊഴി. ക്രൂരമായ കൊലപാതകത്തിന് മക്കള്‍ക്ക് അച്ഛന്റെ ഒത്താശയുണ്ടായിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം അഴുകി മണംവരാതിരിക്കാന്‍ ഉപ്പു ചേര്‍ക്കാന്‍ ഉപദേശിച്ചതാരെന്നതും അന്വേഷിക്കുന്നുണ്ട്. ഇതിന് പിന്നിലും അച്ഛനാണെന്നാണഅ പൊലീസിന്റെ സംശയം.

Related posts