ഗാന്ധിനഗർ: കോവിഡ് പോസിറ്റീവായി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയിൽ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് പോലീസിൽ അറിയിക്കാതിരുന്നത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയെന്ന് നിയമവിദഗ്ധർ.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗിയായ പെണ്‍കുട്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകാതിരുന്നത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയെന്ന് നിയമ വിദഗ്ധരും ആറന്മുള ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളും പറയുന്നു.
കഴിഞ്ഞ ആറിന് കോവിഡ് സ്ഥിരീകരിച്ച പന്തളത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത് വഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ കഴിയുന്ന പന്തളം സ്വദേശിനിയായ 19കാരിയാണ് ഫാനിൽ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇന്നലെ ഉച്ചയ്ക്കു മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിലായിരുന്നു സംഭവം. ആത്മഹത്യാശ്രമത്തെ തുടർന്ന് പെണ്‍കുട്ടിക്കു സൈക്യാട്രി വിഭാഗമാണ് ചികിത്സ നൽകുന്നത്. ആരോഗ്യ പ്രശ്നങ്ങളില്ലെന്നും, പീഡനശ്രമം മൂലമുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു.
എന്നാൽ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിനു പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന അടൂർ ഡിവൈഎസ്പി ആർ. ബിജു രാഷ്ട്രദീപികയോടു പറഞ്ഞു.
കോവിഡ് ബാധിതയായതിനാലാണ് മൊഴി നേരിട്ടെത്തി എടുക്കാൻ ഡോക്ടർമാർ അനുവദിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ ആശുപത്രി അധികൃതർ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു.
എന്നാൽ ജില്ലാ പോലീസ് ചിഫ് ജയദേവനെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.