വാഷിംഗ്ടൺ ഡിസി: ചൈനയുമായി അമേരിക്ക വ്യാപാര കരാറിൽ ഒപ്പുവച്ചെന്നും ഇന്ത്യയുമായി വളരെ വലിയ കരാർ ഉടൻ ഉണ്ടാകുമെന്നും സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ബിഗ് ബ്യൂട്ടിഫുൾ ബിൽ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
“എല്ലാവരും ഒരു കരാർ ഉണ്ടാക്കാനും അതിൽ പങ്കാളികളാകാനും ആഗ്രഹിക്കുന്നു. ഞങ്ങൾ ഇന്നലെ ചൈനയുമായി കരാർ ഒപ്പുവച്ചു. ഇന്ത്യയുമായി വലിയ കരാർ ഉടൻ സാധ്യമാകും. എന്നാൽ അമേരിക്ക എല്ലാവരുമായി കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല’- ട്രംപ് പറഞ്ഞു.
ചൈനയുമായുള്ള കരാറിന്റെ വിശദാംശങ്ങൾ ട്രംപ് വിശദീകരിച്ചില്ലെങ്കിലും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. ഓട്ടോമോട്ടീവ്, പ്രതിരോധം, സാങ്കേതിക മേഖലകൾ ഉൾപ്പെടെയുള്ള യുഎസ് വ്യവസായങ്ങളെ സാരമായി ബാധിച്ച നിർണായക ധാതുക്കൾക്ക് ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലമുണ്ടായ കാലതാമസം പരിഹരിക്കുക എന്നതാണു ധാരണയുടെ ലക്ഷ്യം.