ചെന്നൈ: അമേരിക്കയുടെ 6,500 കിലോഗ്രാം ഭാരമുള്ള കമ്യൂണിക്കേഷൻ സാറ്റലൈറ്റ് വിക്ഷേപിക്കാനൊരുങ്ങി ഇസ്രൊ. രണ്ടു മാസത്തിനുള്ളിൽ വിക്ഷേപണമുണ്ടാകുമെന്ന് ഇസ്രൊ ചെയർമാൻ വി. നാരായണൻ പറഞ്ഞു. ചെന്നൈ കട്ടൻകുളത്തൂർ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ 21-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്പോഴാണ് ഇസ്രൊ ചെയർമാൻ സാറ്റലൈറ്റ് വിക്ഷേപണത്തെക്കുറിച്ച് പറഞ്ഞത്.
1963ൽ ആണ് ഇസ്രൊ സ്ഥാപിതമായതെന്നും അന്ന് രാജ്യം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പിന്നിലായിരുന്നുവെന്നും നാരായണൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. അതേ വർഷം തന്നെ, ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ തുടക്കംകുറിച്ച് അമേരിക്ക ഒരു ചെറിയ റോക്കറ്റ് സംഭാവന ചെയ്തു. 1963 നവംബർ 21ന് ആയിരുന്നു അത്.
അമേരിക്കയിൽനിന്ന് ഒരു ചെറിയ റോക്കറ്റ് സ്വീകരിച്ച രാജ്യം, ഇന്ത്യൻ മണ്ണിൽനിന്ന് സ്വന്തം ലോഞ്ചർ ഉപയോഗിച്ച് അമേരിക്ക നിർമിച്ച 6,500 കിലോഗ്രാം ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കാൻ പോകുന്നു. പ്രധാനപ്പെട്ട വളർച്ചയാണിതെന്നും നാരായണൻ പറഞ്ഞു.
50 വർഷം മുമ്പ് ഉപഗ്രഹ സാങ്കേതികവിദ്യ ഇല്ലാതിരുന്ന ഒരു രാജ്യം, ഇതുവരെ 34 രാജ്യങ്ങളുടെ 433 ഉപഗ്രഹങ്ങൾ സ്വന്തം വിക്ഷേപണവാഹനങ്ങൾ ഉപയോഗിച്ച് വിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് സ്വന്തമായി ഗഗൻയാൻ പദ്ധതി (മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കൽ) ഉണ്ടാകും. കൂടാതെ 2035ഓടെ ഇസ്രൊ സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കാനും പദ്ധതിയിടുന്നു. 2040 ആകുമ്പോഴേക്കും ബഹിരാകാശമേഖലയിൽ ഇന്ത്യ വലിയ ശക്തിയായി മാറുമെന്നും ഇസ്രൊ ചെയർമാൻ പറഞ്ഞു.