ട്രംപിന് യുദ്ധത്തിന് താത്പര്യമില്ല; അമേരിക്ക ഉത്തരകൊറിയയെ ആക്രമിക്കുകയുമില്ല; അമേരിക്ക ഉത്തരകൊറിയയെ ഭയപ്പെടാനുള്ള പ്രധാന കാരണങ്ങള്‍ ഇവയൊക്കെ

yyjtyuituiമൂന്നാം ലോക മഹായുദ്ധത്തിന് വേദിയൊരുക്കാന്‍ പോവുന്നത് അമേരിക്കയും ഉത്തരകൊറിയയും ആവുമെന്നാണ് നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഏത് നിമിഷവും ്ത് സംഭവിക്കാമെന്നാണ് ഇരുകൂട്ടരോടും ബന്ധപ്പെട്ട വിഭാഗങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്കില്‍പ്പോലും യുദ്ധത്തിന്റെ കാര്യത്തില്‍ അമേരിക്കക്ക് അയഞ്ഞ സമീപനമാണുള്ളത്. ഉത്തരകൊറിയയുടെ വെല്ലുവിളികള്‍ കാതില്‍ മുഴങ്ങുന്നുണ്ടെങ്കിലും സത്യത്തില്‍ ട്രംപിന് യുദ്ധത്തിന് ആഗ്രഹമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതിനുള്ള മുഖ്യകാരണങ്ങള്‍ ഇവയൊക്കെയാണ്.

ഉത്തരകൊറിയയുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. അന്താരാഷ്ട്ര തലത്തില്‍ യു.എസിന്റെ ചൈനയുമായുള്ള ബന്ധം ഇപ്പോഴാണ് നല്ല രീതിയില്‍ പുരോഗമിക്കുന്നത്. ഉത്തരകൊറിയയുടെ 80 ശതമാനം വിദേശവ്യാപാരവും ചൈനയുമായിട്ടാണ് നടത്തുന്നത്. ചൈനയുടെ സഹായത്തോടെ ഉത്തരകൊറിയക്കുമേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ പുതിയൊരു വിദേശനയം കെട്ടിപ്പടുക്കാന്‍ ട്രംപിന് കഴിയും. ഈ സാഹചര്യത്തില്‍ ഒരു യുദ്ധത്തിനൊരുങ്ങാന്‍ ട്രംപിന് താല്‍പ്പര്യമില്ല. ഉത്തരകൊറിയ എങ്ങനെ തിരിച്ചടിക്കുമെന്നതാണ് ട്രംപിന്റെ അടുത്ത വെല്ലുവിളി.

യു.എസ് ഉത്തരകൊറിയയെ ആക്രമിക്കുകയാണെങ്കില്‍ അവര്‍ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഏതുതരത്തിലുള്ള തിരിച്ചടിയായിരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. കാരണം കിം ജോ ഉന്‍ ഒരു തരത്തിലും ആര്‍ക്കും പിടികിട്ടാത്ത മാനസികാവസ്ഥയുള്ള ഏകാധിപതിയാണ്. ആണവായുധം പ്രയോഗിക്കുമെന്നാണ് വിദേശകാര്യമന്ത്രി ഹാന്‍സോങ് റയോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതിന്റെ ശേഷി എത്രത്തോളമാണെന്ന് യു.എസിന് പോലും പറയാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കൊറിയയിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചിട്ടുണ്ടെന്ന് പറയുമ്പോഴും യു.എസ് അവകാശപ്പെട്ടതിനേക്കാള്‍ ആയിരക്കണക്കിന് മൈലുകള്‍ക്ക് ഇപ്പുറമായിരുന്നു പടക്കപ്പലുകള്‍ നങ്കൂരമിട്ടത്. ഇത് യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് അടിവരയിട്ട് പറയുന്നു.

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ അപലപിക്കാന്‍ യു.എന്നില്‍ യു.എസ് ഈയിടെ കൊണ്ടുവന്ന പ്രമേയത്തെ റഷ്യ വീറ്റോ അധികാരം ഉപയോഗിച്ച് എതിര്‍ത്തിരുന്നു. അങ്ങനെയെങ്കില്‍ ഉത്തരകൊറിയക്കുമേല്‍ ആക്രമണം നടത്തിയാല്‍ റഷ്യ എതിര്‍ക്കാന്‍ രംഗത്തെത്തുമെന്ന് ഉറപ്പാണ്. ദക്ഷിണകൊറിയയും ജപ്പാനുമായുള്ള ബന്ധവും യുദ്ധത്തിലേക്ക് എത്തിപ്പെടാതിരിക്കാന്‍ കാരണമാവും. വന്‍തോതില്‍ ആണവായുധങ്ങളും രാസായുധങ്ങളുമുള്ള ഉത്തരകൊറിയ ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് അറിയില്ല. ഉത്തരകൊറിയയുടെ അതിര്‍ത്തിയില്‍ നിന്ന് 56കിലോമീറ്റര്‍ മാത്രമാണ് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലേക്കുള്ള ദൂരം. അങ്ങനെയെങ്കില്‍ യുദ്ധം പ്രതിഫലിക്കുക ദക്ഷിണകൊറിയയിലായിരിക്കും. അതിര്‍ത്തിയിലെ മിസൈലുകള്‍ ദക്ഷിണകൊറിയയെ കാര്യമായി ബാധിക്കും. കൂടാതെ മറ്റൊരു അയല്‍രാഷ്ട്രമായ ജപ്പാനേയും ബാധിക്കും. ഈ സാഹചര്യത്തില്‍ ജപ്പാനേയും ദക്ഷിണ കൊറിയയേയും പിണക്കാന്‍ അമേരിക്ക തയ്യാറാവില്ല. ഇതൊക്കെയാണ് അമേരിക്ക ഉത്തരകൊറിയയെ ഇത്രമേല്‍ ഭയപ്പെടാനും യുദ്ധത്തിന് താത്പര്യം കാണിക്കാത്തതിനും കാരണം.

Related posts