കട്ടൗട്ടുകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി കര്‍ഷകര്‍! പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കൃഷിസ്ഥലത്തെ കോലങ്ങളായി; സംഭവമിങ്ങനെ

ഈയടുത്ത നാളുകളില്‍ കഴിഞ്ഞ കര്‍ണാടക, നിയമസഭാ തെരഞ്ഞെടുപ്പില്‍, നരേന്ദ്ര മോദിയും അമിത് ഷായുമാണ് ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തെരഞ്ഞെടുപ്പ് റാലികള്‍ക്കൊപ്പം നേതാക്കളുടെ കൂറ്റന്‍ കട്ടൗട്ടുകളും നാടിന്റെ പല ഭാഗത്തായി ഉയര്‍ന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉപേക്ഷിക്കപ്പെട്ട ഇത്തരം കട്ടൗട്ടുകള്‍ ഇപ്പോള്‍ ഉപകാരപ്പെട്ടിരിക്കുന്നത് സംസ്ഥാനത്തെ കര്‍ഷകര്‍ക്കാണ്.

വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട കട്ടൗട്ടുകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് കര്‍ഷകര്‍. പാടങ്ങളില്‍ നിന്ന് പക്ഷികളെയും മറ്റും അകറ്റാന്‍ കോലങ്ങളായിട്ടാണ് ചിക്കമംഗളൂരുവിലെ കര്‍ഷകര്‍ ഈ കൂറ്റന്‍ കട്ടൗട്ടുകള്‍ ഉപയോഗിക്കുന്നത്.

ഇത്തവണ നല്ല മഴ കിട്ടിയതിനാല്‍ വിളവെടുപ്പ് കര്‍ഷകര്‍ നേരത്തെ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പക്ഷികളെ അകറ്റിനിര്‍ത്താനാണ് ഗ്രാമവാസികള്‍ കട്ടൗട്ടുകള്‍ ഉപയോഗിക്കുന്നത്. മോദിയുടെയും അമിത് ഷായുടെയും മാത്രമല്ല, എല്ലാ നേതാക്കളുടെയും കട്ടൗട്ടുകള്‍ പാടങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു.

Related posts