കൊച്ചി: താരസംഘടന അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്നും നടന് ജഗദീഷ് പിന്മാറി. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്ന ജഗദീഷ് ദൂതന് മുഖേന ഇന്ന് രാവിലെ പത്രിക പിന്‍വലിക്കുന്ന വിവരം അറിയിക്കുകയായിരുന്നു.
മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. വനിത പ്രസിഡന്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് ജഗദീഷ് പിന്മാറിയത്.
മോഹന്‍ലാലും മമ്മൂട്ടിയും സമ്മതിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് നടന് രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രന് വ്യക്തമാക്കി. വനിത പ്രസിഡന്റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്റെ സാധ്യതയേറി. ശ്വേത ജയിച്ചാല്‍ അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് എന്ന പദവിയും ഇവരെ തേടിയെത്തും.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ശ്വേത മേനോന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, ദേവന് എന്നിവരാണ് ആ മത്സരാര്‍ഥികള്‍. നടന് ജോയ് മാത്യുവിന്റെ പത്രിക തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, രവീന്ദ്രന് എന്നിവര്‍ മത്സരിക്കും.
ആരോപണ വിധേയനായ ബാബു രാജ് മത്സരത്തില്‍നിന്ന് മാറി നില്‍ക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അന്‍സിബ, സരയു, ഉഷ ഹസീന എന്നിവര്‍ ആരോപണ വിധേയരെ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ മല്ലിക സുകുമാരന്‍, ആസിഫ് അലി, മാലാ പാര്‍വതി എന്നിവര്‍ വിമര്‍ശിച്ചുള്ള പ്രതികരണങ്ങളാണ് നടത്തിയത്. ഓഗസ്റ്റ് 15 നാണ് തെരഞ്ഞെടുപ്പ്.
അന്തിമ ചിത്രം ഇന്നറിയാം
അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ മത്സര ചിത്രം ഇന്ന് അറിയാം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ അവസാനിക്കും.