കൊച്ചി: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ താരസംഘടന ‘അമ്മ’യിലെ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണു മത്സരം.
ജഗദീഷ്, ജയന് ചേര്‍ത്തല, രവീന്ദ്രന്, അനൂപ് ചന്ദ്രന് എന്നിവര്‍ പിന്മാറിയതോടെയാണ് പോരാട്ടം രണ്ടുപേരിലേക്ക് ചുരുങ്ങിയത്. അതേസമയം ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
അന്‍സിബയടക്കം 13 പേരാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. അന്സിബയൊഴികെ ബാക്കി 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്, രവീന്ദ്രന് എന്നിവരും ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാല്‍, അനൂപ് ചന്ദ്രന് എന്നിവരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന് ചേര്‍ത്തല, നാസര്‍ ലത്തീഫ്, ലക്ഷ്മിപ്രിയ തുടങ്ങിയവരുമാണ് മത്സരരംഗത്തുള്ളത്. ഏഴംഗ എക്സിക്യൂട്ടിവിലേക്ക് 11 പേര് മത്സരിക്കുന്നുണ്ട്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാന്‍ പത്രിക നല്കിയ ബാബു രാജ് എതിര്‍പ്പുകളെത്തുടര്‍ന്ന് ഒടുവില്‍ പിന്മാറ്റം പ്രഖ്യാപിച്ചു. ഇതിനുപുറമെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനിരുന്ന നവ്യ നായരും ആശ അരവിന്ദും ഇന്നലെ പത്രിക പിന്‍വലിച്ചു. ആകെ 74 പത്രികകളായിരുന്നു സമര്‍പ്പിച്ചിരുന്നത്. നേരത്തേ സൂക്ഷ്മപരിശോധനയില്‍ പത്തെണ്ണം തള്ളിയിരുന്നു.
ഈമാസം 15നാണ് തെരഞ്ഞെടുപ്പ്. ‘അമ്മ’യുടെ ചരിത്രത്തില്‍ ആദ്യമായാണു ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കാതെ രാജിവയ്ക്കുന്നതും തെരഞ്ഞെടുപ്പ് നടക്കുന്നതും.