കൊല്ലം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1000 അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. ജനറൽ ക്ലാസ് യാത്രക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് അമൃത് ഭാരത് ട്രെയിനുകൾ. ഇത് കൂടാതെ 2030 ആകുമ്പോൾ 200 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി രാജ്യത്ത് സർവീസ് ആരംഭിക്കാനും റെയിൽവേ ബോർഡിന് പദ്ധതിയുണ്ട്. ഇതിൻ പ്രകാരം 2028 ആകുമ്പോൾ തന്നെ 150 വന്ദേ ഭാരത് സ്ലീപ്പറുകൾ പുറത്തിറക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഇത് കൂടാതെ 200 മുതൽ 300 വരെ വന്ദേഭാരത് ചെയർ കാർ ട്രെയിനുകളും ഇക്കാലയളവിൽ പുറത്തിറക്കും. ഹ്രസ്വ ദൂര യാത്രക്കാരെ ഉദ്ദേശിച്ചാണ് ഇവ പുറത്തിറക്കുന്നത്. മാത്രമല്ല കൂടുതൽ അമൃത് ഭാരത് ട്രെയിനുകൾ പുറത്തിറക്കുന്നത് പൊതു-സ്വകാര്യ ( പിപിപി) പങ്കാളിത്തത്തിൽ കൂടിയായിരിക്കുമെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ട്രെയിൻ ശൃംഖലയുടെ വിപുലീകരണവും വൈവിധ്യവത്ക്കരണവും വഴി യാത്രക്കാർക്ക് വരും വർഷങ്ങളിൽ കൂടുതൽ യാത്രാ ഓപ്ഷനുകൾ നൽകുക എന്നതിനാണ് റെയിൽവേ മന്ത്രാലയം മുന്തിയ പരിഗണന നൽകുന്നത്.മാത്രമല്ല ട്രെയിനുകളുടെ സമയനിഷ്ഠ, സുഖ സൗകര്യങ്ങൾ, യാത്രാ നിലവാരം എന്നിവ ഗണ്യമായി മെച്ചപ്പെടുത്താനും കഴിയും.
ഇതു വഴി ഐആർസിറ്റിസിയുടെ യാത്രാ ടിക്കറ്റ് വരുമാനം ഗണ്യമായി ഉയരുകയും ചെയ്യും. റെയിൽവേയുടെ ബിസിനസ് സ്ഥാനം രാജ്യാന്തര തലത്തിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഈ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന് പുതിയ ട്രെയിനുകളുടെ സമയബന്ധിതമായ നിർമാണവും വിതരണവും ഉറപ്പാക്കാൻ ചെന്നൈ ഐസിഎഫ്, റായ്ബറേലി ആർസിഎഫ്, കപൂർത്തല എംസിഎഫ് എന്നീ നിലവിലുള്ള കോച്ച് നിർമാണ യൂണിറ്റുകളുടെ നവീകരണ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.