അപ്പന്‍ മരിച്ചിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ… അതു വേണോ ഇതു വേണോയെന്ന് ആശയക്കുഴപ്പം ഉണ്ടായി ! ജീവിതത്തില്‍ ഉണ്ടായ പ്രതിസന്ധിയെക്കുറിച്ച് തുറന്നു പറഞ്ഞ് രേഷ്മ രാജന്‍…

ജീവിതത്തില്‍ താന്‍ കടന്നുപോയ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അന്ന രേഷ്മ രാജന്‍.”സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ എന്റെ ജീവിതത്തില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന ഒരു ഞെട്ടലുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ വിദേശത്തേക്ക് പോകാന്‍ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയാണ്. അത് വേണോ ? ഇത് വേണോ? ആകെ ആശയക്കുഴപ്പം. അമ്മയാണെങ്കില്‍ അഭിനയം എന്നതിനോട് അടക്കുന്നതേയില്ല. വീട്ടില്‍ ആകെയുള്ള വരുമാനമാണ് എന്റെ ജോലി. അത് കളയുന്നതിനെക്കുറിച്ച് അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല. പക്ഷെ അവസരം ഒരിക്കല്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ ഹോസ്പിറ്റലിലെ ഡയറക്ടേഴ്‌സിനോട് അഭിപ്രായം ചോദിച്ചു.

അവര്‍ പറഞ്ഞു കിട്ടിയ അവസരം കളയണ്ട. രണ്ടു മാസം ലീവ് എടുത്തു പൊയ്‌ക്കോളൂ എന്ന്. അങ്ങനെ ജീവിതത്തിലെ ഏറ്റവും റിസ്‌കിയായ തീരുമാനമെടുത്തു. ജോലി കളഞ്ഞു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടവരെല്ലാം കളിയാക്കലുകളും കുറ്റപ്പെടുത്തലും മാത്രം. അപ്പന്‍ മരിച്ചിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. അപ്പോഴേക്കും അഭിനയിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു ആഴത്തില്‍ മുറിപ്പെടുത്തിയവര്‍ വേറെയും. ഈ ബഹളത്തിനെല്ലാമിടയില്‍ രാവിലെ ആറു മണിക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ഞാന്‍ അങ്കമാലിയുടെ ഷൂട്ടിംഗിനായി തിരിച്ചു’. രേഷ്മ പറയുന്നു.

സിനിമയിലേക്ക് അവിചാരിതമായി വീണു കിട്ടിയ അവസരമായിരുന്നു രേഷ്മ രാജനെ മലയാളത്തിന്റെ ഇഷ്ട നായികയാക്കി മാറ്റിയത്. മോഡലിംഗ് ആയിരുന്നു മീഡിയയിലേക്കുള്ള ആദ്യ ചവിട്ടുപടി, അവിടെ നിന്ന് അങ്കമാലി ഡയറീസിലെ നായികയായി പ്രേക്ഷകരുടെ ആരാധന നേടിയെടുക്കുകയായിരുന്നു അന്ന രേഷ്മ രാജന്‍. തന്റെ ജോലി ഉപേക്ഷിച്ചു സിനിമയില്‍ നായികയായി തുടക്കം കുറിച്ച രേഷ്മ ജീവിതത്തിലെ ഏറ്റവും റിസ്‌കിയായ തീരുമാനത്തെക്കുറിച്ച് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് രേഷ്മ തുറന്നു പറഞ്ഞത്.

Related posts