അന്ന് മാതാപിതാക്കളുമായി അകല്‍ച്ചയുണ്ടായി, ആഞ്ജനേയനുമായുള്ള വിവാഹ സമയത്ത് എല്ലാവരും എതിര്‍ത്തിരുന്നു, ഇപ്പോള്‍ പക്ഷേ കാര്യങ്ങള്‍ മാറിയിരിക്കുന്നു, ആ വലിയ വിവാദത്തെക്കുറിച്ച് അനന്യയ്ക്ക് പറയാനുള്ളത്

മലയാള സിനിമയില്‍ അപൂര്‍വമായേ അനന്യയെ പോലെ ഒരു നടി ഉണ്ടാകു. അമ്പെയ്ത്തില്‍ സംസ്ഥാന ചാമ്പ്യനായശേഷമാണ് അനന്യ സിനിമയിലെത്തുന്നത്. നടി ആയശേഷവും അമ്പെയ്ത്തിനോടുള്ള താല്പര്യം അവര്‍ വിട്ടില്ല. സിനിമയില്‍ തിളങ്ങിനില്‍ക്കേ വിപ്ലവ വിവാഹം നടത്തി എല്ലാവരെയും ഞെട്ടിച്ച താരം ആ സംഭവത്തിനുശേഷം നടന്ന കാര്യങ്ങള്‍ തുറന്നുപറയുകയാണ്. പോസിറ്റീവ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായെത്തിയ അനന്യ, നാടോടികള്‍, എങ്കേയും എപ്പോതും തുടങ്ങിയ തമിഴ് സൂപ്പര്‍ഹിറ്റ് സിനിമകളിലും നായികയായി.

എന്നാല്‍ പിന്നീട് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു. മാതാപിതാക്കളുമായി ഇടയ്ക്കുണ്ടായ അകല്‍ച്ചയെക്കുറിച്ച് നടി പറയുന്നതിങ്ങനെ- എല്ലാവരേയും പോലെ ഇടയ്ക്ക് മാതാപിതാക്കളുമായി അകല്‍ച്ചയുണ്ടായിരുന്നെന്ന് താരം തുറന്നു പറഞ്ഞു. എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്ന അവസ്ഥയാണ് മാതാപിതാക്കളുമായുള്ള അകല്‍ച്ച. നമ്മളെടുക്കുന്ന ചില തീരുമാനങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിക്കുമ്പോഴാണ് ആ അകല്‍ച്ച ഉടലെടുക്കുന്നത്. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചതെന്നും അനന്യ വ്യക്തമാക്കി.

പക്ഷെ മാതാപിതാക്കളുടെ സ്‌നേഹം അങ്ങനെയൊന്നും പോകുന്നതല്ല. അവര്‍ എന്നും മക്കളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് ജീവിക്കുന്നത്. മക്കളെ വെറുക്കാന്‍ മാതാപിതാക്കള്‍ക്ക് ഒരിക്കലും സാധിക്കില്ല. അതുപോലെ തന്നെ മക്കള്‍ക്കും മാതാപിതാക്കളെ വെറുക്കാന്‍ ആകില്ലെന്നും താരം ചൂണ്ടികാട്ടി. കുറച്ച് കാലം അകല്‍ച്ച ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങളെല്ലാം മറന്ന് ഇപ്പോള്‍ അച്ഛനും അമ്മയും അനിയനും തനിക്കൊപ്പമുണ്ടെന്ന് അനന്യ പ്രമുഖ ചലച്ചിത്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭര്‍ത്താവായ ആഞ്ജനേയനെ കുറിച്ച് പറയാനും അനന്യയ്ക്ക് നൂറ് നാവാണ്. ഭര്‍ത്താവ് എന്നും തന്റെ ബലമാണെന്നും ഇഷ്ടങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുന്ന വ്യക്തിയാണെന്നും താരം വിശദീകരിച്ചു.

Related posts