കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ലഹരി വ്യാപനം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടികള്‍ ലക്ഷ്യം കാണുന്നില്ലെന്ന് വകുപ്പിന്റെ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ലഹരിക്കേസുകളില്‍ പ്രതിയായത് 1,949 വിദ്യാര്‍ഥികളെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥി- വിദ്യാര്‍ഥിനികളാണ് പ്രതികളായിട്ടുള്ളത്.
2025 ഓഗസ്റ്റ് വരെ 312 വിദ്യാര്‍ഥികളാണ് ലഹരിക്കേസുകളില്‍ പ്രതിയായത്. 2024 ല്‍ 379 പേരും 2023 ല്‍ 531 പേരും 2022 ല്‍ 332 പേരും 2021 ല്‍ 80 പേരും ലഹരിക്കേസുകളില്‍ പിടിക്കപ്പെട്ടു. 79 വിദ്യാര്‍ഥികളാണ് 2020 ല്‍ ലഹരിക്കേസുകളില്‍ പ്രതികളായത്. 2019 ല്‍ 74 പേരും 2018 ല്‍ 100 പേരും 2017 ല്‍ 42 പേരും 2016 ല്‍ 20 പേരും ലഹരിക്കേസുകളില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ കൂട്ടത്തിലുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇക്കാലയളവില്‍ ശിക്ഷിക്കപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 454 ആണ്. ഇക്കഴിഞ്ഞ എട്ടു മാസത്തില്‍ ലഹരിക്കേസുകളില്‍ 49 വിദ്യാര്‍ഥികളാണ് ശിക്ഷിക്കപ്പെട്ടത്. 2024, 2023 വര്‍ഷത്തില്‍ 52 പേരും 2022 ല്‍ 61, 2021 ല്‍ 38, 2020ല്‍ 58, 2019 ല്‍ 42, 2018 ല്‍ 68, 2017 ല്‍ 21 , 2016 ല്‍ 13 എന്നിങ്ങനെയാണ് ലഹരിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം.
സംസ്ഥാനത്തെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 2025 ജൂണ്‍ 26 മുതല്‍ 2026 ജനുവരി 26 വരെ നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ കാമ്പയിനാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രത്യേകിച്ചും സ്കൂള്‍, കോളജ് പരിസരത്തെ ലഹരി വിമുക്തമാക്കാനുള്ള നടപടികളാണ് ഊര്‍ജിതമായി നടക്കുന്നത്. വിദ്യാലയ പരിസരത്തെ ലഹരി വില്പനയ്ക്ക് തടയിടുന്നതിനായി തനിച്ചും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്നും കര്‍ശന പരിശോധനകളാണ് എക്സൈസ് നടത്തുന്നത്.
സ്കൂള്‍, കോളജ് പരിസരത്ത് ലഹരി വില്‍ക്കുന്ന കടകള്‍ കണ്ടെത്തി അവയുടെ ലൈസന്‍സ് റദ്ദാക്കുന്നുമുണ്ട്്. വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍, സ്കൂള്‍ തലത്തില്‍ ലഹരിവിരുദ്ധ ക്ലബുകള്‍, കോളജു കാമ്പസുകളില്‍ നേർക്കൂട്ടം, കോളജ് ഹോസ്റ്റലുകളില്‍ ശ്രദ്ധ എന്നീ കമ്മിറ്റികള്‍ രൂപീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയം മുന്‍നിര്‍ത്തി ഉണര്‍വ്, ടീം വിമുക്തി സ്പോര്‍ട്സ് ടീം, പ്രൈമറിതലത്തിലെ വിദ്യാര്‍ഥികള്‍ക്കായി ബാല്യം അമൂല്യം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ബോധവത്ക്കരണത്തിനായി കരുതല്‍, വിദ്യാര്‍ഥികളുടെ ബോധവത്ക്കരണത്തിനായി കവചം എന്നീ പദ്ധതികളും എക്സൈസ് നടപ്പിലാക്കിയിട്ടുണ്ട്.
പക്ഷേ, ലഹരിക്കേസുകളില്‍ പ്രതികളാകുന്ന വദ്യാര്ഥികളുടെ എണ്ണം കുറയുന്നില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
- സീമ മോഹന്‍ലാല്‍