മൂന്ന് പുരുഷന്മാര്‍ ഉണ്ടെന്നറിഞ്ഞിട്ടും പെണ്‍കുട്ടി എന്തിനാണ് ഓട്ടോയില്‍ കയറിയത്! കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി പ്രസ്താവന; അനുപം ഖേറിന്റെ ഭാര്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം

രാജ്യത്ത് സ്ത്രീസുരക്ഷയ്ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നും ബലാത്സംഗങ്ങള്‍ക്കും സ്ത്രീ പീഡനങ്ങള്‍ക്കും യാതൊരു കുറവും വരുന്നില്ലെന്ന് മാത്രമല്ല, അവയുടെ എണ്ണം ഏറി വരികയും ചെയ്യുകയാണ്. പഞ്ചാബില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ വാര്‍ത്ത. എന്നാല്‍ ഈ സംഭവം കൂടുതല്‍ വിവാദമായിരിക്കുകയാണിപ്പോള്‍. പഞ്ചാബില്‍ കൂട്ടബലാത്സംഗ സംഭവത്തില്‍ ഇരയെ കുറ്റപ്പെടുത്തി സംസാരിച്ച ബോളിവുഡ് താരം അനുപം ഖേറിന്റെ ഭാര്യയും നടിയുമായ കിരണ്‍ഖേറിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

മൂന്ന് പുരുഷന്മാര്‍ ഉണ്ടെന്നറിഞ്ഞിട്ടും പെണ്‍കുട്ടി എന്തിനാണ് ഓട്ടോയില്‍ കയറിയത് എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ കിരണ്‍ ഖേര്‍ പറഞ്ഞത്. സെക്ടര്‍ 7 ല്‍ യുവതി ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ പീഡനത്തിന് ഇരയായ സംഭവത്തിലാണ് കിരണ്‍ഖേര്‍ പെണ്‍കുട്ടിക്കെതിരേ രംഗത്ത് വന്നത്. സ്ത്രീകളെ ബഹുമാനിക്കാന്‍ പുരുഷന്മാര്‍ വീട്ടില്‍ നിന്നു തന്നെയാണ് അഭ്യസിക്കേണ്ടത് എന്നും മാതാവിനെ പതിവായി ഉപദ്രവിക്കുന്ന പിതാവുള്ള വീട്ടില്‍ കുട്ടികള്‍ കണ്ടു വളരുന്നതും ഇത്തരം ശീലങ്ങളാണെന്നും പറഞ്ഞു.

ഇതിനെതിരേ ബോധവത്കരണത്തിനായി മാധ്യമങ്ങളും പോലീസും കൈ കോര്‍ക്കണമെന്നും പറഞ്ഞു. ഒരു വനിതാമേയറും എംപിയും വനിതാ പോലീസ് സൂപ്രണ്ടുമുള്ള സംസ്ഥാനത്ത് എന്തിനാണ് ഒരു വനിതാകമ്മീഷനെന്നും ചോദിച്ചു. സ്റ്റെനോഗ്രാഫി ക്ളാസ്സിന് ശേഷം സെക്ടര്‍ 37 ല്‍ നിന്നും താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ഓട്ടോഡ്രൈവറും മറ്റ് രണ്ടു യാത്രക്കാരും ചേര്‍ന്നായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് അവശനിലയില്‍ പെണ്‍കുട്ടിയെ സെക്ടര്‍ 57 ല്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയവരാണ് പോലീസില്‍ അറിയിച്ചത്.

 

Related posts