അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ ! കേരളത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഇവരുടെ പ്രതികരണമിങ്ങനെ…

അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രാപ്രദേശിലുള്ള ദമ്പതികളെന്നു വിവരം. നിയമപരമായ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയാണു കേരളത്തിലെ ശിശുക്ഷേമ സമിതി വഴി ദത്തെടുത്തതെന്നും കുഞ്ഞ് സുരക്ഷിതമായി, സന്തോഷത്തോടെ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ഒരു ചാനലിനോട് അവര്‍ വ്യക്തമാക്കി.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളും മാധ്യമങ്ങളിലൂടെ അറിഞ്ഞതായി ഇവര്‍ പറയുന്നു. വിവാദമായ സംഭവമായതിനാല്‍ മാധ്യമങ്ങളോട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ദമ്പതികള്‍ വ്യക്തമാക്കി.

വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ നാലുവര്‍ഷം മുന്‍പാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്.

അതിനായി ഔദ്യോഗിക വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നു. കേരളത്തില്‍നിന്നും കുട്ടിയെ ലഭിച്ചപ്പോള്‍ സന്തോഷമായിരുന്നെന്നും അവര്‍ പറഞ്ഞു.

ഓഗസ്റ്റ് ഏഴിനാണു കുഞ്ഞിനെ താല്‍ക്കാലികമായി ആന്ധ്ര ദമ്പതികള്‍ക്കു ദത്തു നല്‍കിയത്. ശിശുക്ഷേമസമിതി ഉള്‍പ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി നിലപാട് അറിയിച്ചതിനെത്തുടര്‍ന്ന് വഞ്ചിയൂര്‍ കുടുംബക്കോടതി ഇന്ന് അന്തിമവിധി പറയും.

കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്ന വിവരം കേരളസര്‍ക്കാര്‍ അറിയിച്ചതിനാല്‍ ഇതു കൂടി പരിഗണിച്ചാകും കോടതിയുടെ വിധി.

Related posts

Leave a Comment