തൊടുപുഴ: തമിഴ്നാട്ടിലെ കമ്പത്ത് ഭീതി പരത്തിയശേഷം കാടു കയറിയ അരിക്കൊമ്പന് വീണ്ടും ജനവാസമേഖലയ്ക്കടുത്തെത്തി. സുരുളിപെട്ടിക്കു സമീപം കുത്താനാച്ചി ക്ഷേത്രത്തിന് 200 മീറ്റര്‍ അകലെയാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.
ഏതുനിമിഷവും ആന ജനവാസ കേന്ദ്രത്തിലേക്കെത്താനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തിപ്പെടുത്തി.
കമ്പത്തുനിന്നു തുരത്തിയ ആന പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തിലേക്ക് കയറിപ്പോകുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍.
എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് അരിക്കൊമ്പന് ജനവാസമേഖലയ്ക്ക് അടുത്തെത്തിയത്. ജനവാസമേഖലയിലിറങ്ങിയാല്‍ ഉടന്‍തന്നെ മയക്കുവെടി വയ്ക്കാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. ഇതിനായി അഞ്ചംഗ വിദഗ്ധസംഘവും മൂന്നു കുങ്കിയാനകളും കമ്പത്ത് തുടരുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് അരിക്കൊമ്പന് കുമളിയില്‍നിന്നു 16 കിലോമീറ്റര്‍ അകലെയുള്ള കമ്പത്തെത്തി പരിഭ്രാന്തി സൃഷ്ടിച്ചത്. നഗരത്തിലൂടെ ഓടിയ ആന അഞ്ചു വാഹനങ്ങള്‍ തകര്‍ത്തിരുന്നു.
ഇതോടെ കമ്പം പട്ടണത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിന്നാട് ആനയെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് ഉത്തരവിറക്കുകയായിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി തമിഴ്നാട് വനംമന്ത്രി ഡോ. എം. മതിവേന്തനും ഉന്നത വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
കമ്പത്ത് ഭീതി വിതച്ച അരിക്കൊമ്പന് പിന്നീട് വനമേഖലയിലേക്കു മടങ്ങുകയായിരുന്നു. ആനഗജം വനമേഖലയിലാണ് പിന്നീട് ആനയെത്തിയത്.
ഇവിടെനിന്നു നാലു കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ആന നിലയുറപ്പിച്ചിരുക്കുന്ന കുത്തനാച്ചി. ഇവിടേക്കാണ് വനപാലക സംഘം നീങ്ങിയിരിക്കുന്നത്.
ആനയെ മയക്കുവെടിവയ്ക്കാനുള്ള ദൗത്യസംഘം എല്ലാ ക്രമീകരണങ്ങളും തയാറാക്കി കാത്തിരിക്കുകയാണ്. കൂടാതെ ആനയെ മെരുക്കാന്‍ മുത്തു, സ്വയംഭൂ, ഉദയന്‍ എന്നി കുങ്കിയാനകളും സജ്ജമാണ്. അരിക്കൊമ്പനെ മയക്കുവെടി വച്ചില്ലെങ്കില്‍ ഉള്‍ക്കാട്ടിലേക്കു തുരത്താനുള്ള സാധ്യതകളും വനവംകുപ്പ് തേടുന്നുണ്ട്.
ആനയുടെ ആരോഗ്യ സ്ഥതി നിരീക്ഷിച്ചതിനു ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. ആന വീണ്ടും ജനജീവിതത്തിനു ഭീഷണിയാകാതിരിക്കാനുള്ള എല്ലാ നടപടികളും എടുക്കുമെന്നാണ് തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള വനം ഉദ്യോഗസ്ഥരും ആനയുടെ സഞ്ചാരം നിരീക്ഷിക്കുന്നുണ്ട്.