ഒരു യാത്ര ചോദിക്കല്‍ പോലെ… അമ്മയ്ക്ക് ഒരായിരം ഉമ്മകള്‍ നല്‍കി അരുണിമ പറന്നകന്നു; അപകടത്തിനിടയാക്കിയ ബസ് സ്ഥിരം കുഴപ്പക്കാരന്‍?

arunima-letter1കോട്ടയം: അമ്മയോടു നേരിട്ടു യാത്ര പറഞ്ഞില്ലെങ്കിലും അവള്‍ അമ്മയ്ക്ക് ഒരായിരം ഉമ്മകള്‍ സമ്മാനിച്ചിരുന്നു, ഒരു യാത്ര ചോദിക്കല്‍ പോലെ… ഇന്നലെ നാഗമ്പടത്തു ബസ് തട്ടി മരിച്ച, കോട്ടയം സെന്റ് ആന്‍സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി അരുണിമ സ്കൂളിലെ മദേഴ്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അമ്മയ്‌ക്കെഴുതിയ കത്ത് സ്‌നേഹം തുളുമ്പുന്നതായിരുന്നു. ഒരു മകള്‍ക്ക് അമ്മയോടുള്ള സ്‌നേഹത്തിന്റെ മുഴുവന്‍ നിറവും ചാലിച്ച ഹൃദയസ്പര്‍ശിയായ കത്ത് ഇന്നലെയെടു ത്തു വായിച്ചപ്പോള്‍ അധ്യാപകരുടെ നയനങ്ങളും ഈറനണിഞ്ഞു.
എന്റെ കുസൃതിക്കു കൂട്ടുനില്‍ക്കുന്ന പ്രിയപ്പെട്ട അമ്മയ്ക്ക് ഒരായിരം ഉമ്മ എന്നു പറഞ്ഞാണ് അരുണിമയുടെ സ്വന്തം കൈപ്പടയിലുള്ള കത്ത് തുടങ്ങുന്നത്. അമ്മ ധാരാളം കഷ്ടപ്പെടുന്നുണ്ടെന്നും മുട്ടുവേദന അനുഭവപ്പെട്ടിട്ടും അമ്മ എനിക്കു വേണ്ടി ഓടി നടക്കുകയാണെന്നും കത്തില്‍ പറയുന്നു.

എന്നെ പഠിപ്പിക്കുകയും ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന അമ്മയ്ക്ക് ഒരായിരം ഉമ്മകള്‍ നേരുന്നു. ഐ ലവ് മൈ അമ്മ എന്നു പറഞ്ഞാണ് അവള്‍ കത്ത് അവസാനിപ്പിക്കുന്നത്. വരുന്ന എട്ടിനാണ് സ്കൂളില്‍ മദേഴ്‌സ് ഡേ ആചരിക്കുന്നത്.

അന്നു മികച്ച കത്തിനു സമ്മാനം നല്‍കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.  എന്നാല്‍, സമ്മാനം ആര്‍ക്കാണെന്നു അറിയാന്‍ നില്‍ക്കാതെ അരുണിമ യാത്രയായി. സ്കൂളില്‍ അധ്യാപകരുടെ പ്രിയപ്പെട്ട ശിഷ്യയും വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു അരുണിമയെന്നു സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ്പി പറഞ്ഞു. എല്ലാവരോടും മനസു തുറന്നു സംസാരിക്കുന്ന അരുണിമ പഠനത്തിലും മിടുക്കിയായിരുന്നുവെന്നും സിസ്റ്റര്‍ പറയുന്നു.

അപകടത്തിനിടയാക്കിയ ബസ് സ്ഥിരം കുഴപ്പക്കാരന്‍?
arunima-letter3
കോട്ടയം: നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ അപകടമുണ്ടാക്കിയ ജെനിമോന്‍ എന്ന സ്വകാര്യ ബസ്  ഇന്നലെ ചങ്ങനാശേരിയില്‍നിന്നും കോട്ടയത്ത് എത്തുന്നതിനിടയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി ആരോപണം.
കോട്ടയം കഞ്ഞിക്കുഴി മുതല്‍ ബസ് അമിതവേഗത്തിലും അശ്രദ്ധയോടെയുമാണു ഓടിയതെന്നു പോലീസിനു നാട്ടുകാര്‍ പരാതി ഉയര്‍ത്തി.

കെകെ റോഡില്‍ പ്ലാന്റേഷനു മുന്നില്‍ ബസ്  ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. തുടര്‍ന്നു ബസേലിയോസ് കോളജിനു മുന്നിലുള്ള ട്രാഫിക് സിഗ്നലിനു മുന്നിലും വലതുവശം ചേര്‍ന്നു ബസ് ഓടിച്ചതും മറ്റുവാഹനയാത്രക്കാരുടെ പ്രതിഷേധത്തിനു ഇടയാക്കി. ഇതേത്തുടര്‍ന്നു മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ബസ് ഡ്രൈവര്‍ക്കെതിരെ പ്രതിഷേധം ചൊരിഞ്ഞിരുന്നു.

തുടര്‍ന്നുള്ള ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയതു തന്നെ കെകെ റോഡിലൂടെ എത്തുന്ന മറ്റു വാഹനങ്ങള്‍ക്കു തടസമുണ്ടാക്കുന്ന രീതിയിലായിരുന്നു. ഇതോടെ ഏറെനേരം ഈ ബസ് റോഡില്‍ ഗതാഗത തടസവും സൃഷ്ടിച്ചു.
ഇതിനുശേഷം തിരുനക്കര സ്റ്റാന്‍ഡില്‍ കയറി ആളുകളെ ഇറക്കിയശേഷമാണു ബസ് നാഗമ്പടത്ത് എത്തി ട്രിപ്പ് അവസാനിപ്പിച്ചത്. യാത്രയിലുടനീളം ബസ് അമിതവേഗത്തിലായിരുന്നുവെന്നു ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരും ആരോപിച്ചു. എന്നാല്‍ ബസ് ജീവനക്കാര്‍ ഈ ആരോപണം നിഷേധിച്ചു.

Related posts