തിരുവനന്തപുരം: ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് അറസ്റ്റിൽ. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് സതീഷ് പിടിയിലായത്.
അതുല്യയുടെ മരണത്തിൽ കുടുംബാംഗങ്ങളുടെ പരാതിയിൽ ഇയാൾക്കെതിരേ കൊല്ലത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തത്. ഷാര്‍ജയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പോലീസിന് കൈമാറി.
അതുല്യയുടെ മരണത്തിൽ കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ജൂലൈ 19നാണ് കൊല്ലം തേവലക്കര കോയിവിള സൗത്ത് സ്വദേശി അതുല്യയെ ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷാർജയിലെ ഫോറൻസിക് റിപ്പോർട്ടിൽ അതുല്യയുടെ മരണത്തിൽ അസ്വഭാവികത ഇല്ല എന്നായിരുന്നു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കാര്യമായതുകൊണ്ട് ലോക്കൽ പോലീസിന്റെ അന്വേഷണത്തിന് ചില പരിമിതികൾ ഉണ്ട്. ഇതുകൊണ്ടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഷാര്‍ജയിലെ അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് അറസ്റ്റിൽ; പിടിയിലായത് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ
