നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് കോഴിക്കോട് എടിഎമ്മില്‍ നിന്നും ഒന്നര ലക്ഷം തട്ടിയത് ഏഴാം ക്ലാസുകാരനും നാലാംക്ലാസുകാരനും; തട്ടിപ്പ് ഇങ്ങനെ…

കോഴിക്കോട്: എടിഎമ്മില്‍ നിന്നു രഹസ്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. എടിഎമ്മില്‍ സ്‌കിമ്മറും കാമറയും ഘടിപ്പിച്ചാണ് സംഘം വിവരങ്ങള്‍ ചോര്‍ത്തിയത്. അറസ്റ്റിലായവരില്‍ ഒരാള്‍ പതിനെട്ടുവയസു മാത്രം പ്രായമുള്ള ഏഴാം ക്ലാസുകാരനാണ്.ഇയാള്‍ തന്നെയാണ് സംഘത്തലവനും മറ്റൊരാള്‍ നാലാം ക്ലാസുകാരനും. ജനുവരി ഏഴ്, എട്ട് തീയതികളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാട്കുന്ന്, പള്ളിക്കണ്ടി, പന്തീരാങ്കാവ്, വിജയാബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് എന്നീ കൗണ്ടറുകളില്‍ നിന്ന് 1,41,900 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

കാസര്‍ഗോഡ് അജാനൂര്‍ കുറുംബ ഭഗവതി ക്ഷേത്രത്തിനു സമീപം പാലയില്‍ ക്വാര്‍ട്ടേഴ്‌സ് അബ്ദുറഹ്മാന്‍ സഫ്‌വാന്‍ (18), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മേട്ടമ്മല്‍ ജമത്ത് ക്വാര്‍ട്ടേഴ്‌സ് അബ്ബാസ് (26), കോഴിക്കോട് കൊളത്തറ കണ്ണാട്ടിക്കുളത്തു താമസിക്കുന്ന ഫോര്‍ട്ട് കൊച്ചി സി.പി തോട് സ്വദേശി എം.ഇ ഷാജഹാന്‍ (43) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.

കാസര്‍ഗോഡ് കുഡ്‌ലു രാംദാസ് നഗറില്‍ ബിലാല്‍ ബാഗ് ഹൗസില്‍ മുഹമ്മദ് ബിലാല്‍ എന്ന ബില്ലു (28), കാസര്‍ഗോഡ് പറക്കെട്ട് ചാട്ടംകുഴി റമീസ് എന്ന നൗമാന്‍ (33), കാസര്‍ഗോഡ് വിജയനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മധൂര്‍ ക്ഷേത്രത്തിനുസമീപം താമസിക്കുന്ന ജുെനെദ് എന്നിവരെയാണ് പിടികിട്ടാനുള്ളത്.

എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കുന്നതിനു കാര്‍ഡ് ഇടുന്ന ദ്വാരത്തില്‍ സ്‌കിമ്മര്‍ ഘടിപ്പിച്ച് പണം പിന്‍വലിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തിയശേഷം വ്യാജ എടിഎം കാര്‍ഡ് ഉണ്ടാക്കി കോയമ്പത്തൂരില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. കാര്‍ഡിലെ രഹസ്യ നമ്പര്‍ മെഷിനില്‍ അടിക്കുമ്പോള്‍ അറിയുന്നതിനു വേണ്ടിയാണ് കാമറ സ്ഥാപിച്ചത്. ആന്റി സ്‌കിമ്മര്‍ ഇല്ലാത്ത പഴക്കം ചെന്ന എടിഎം മെഷീനുകളാണ് ഇതിനു തെരഞ്ഞെടുത്തിരുന്നത്.

കേസുസംഘത്തലവന്‍ അബ്ദുറഹ്മാന്‍ സഫ്‌വാനെതിരേ നാട്ടില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും കേസുണ്ട്. ഏഴാം ക്ലാസാണ് വിദ്യാഭ്യാസം. അബ്ബാസ് നാലാം ക്ലാസുവരെയാണ് പഠിച്ചിട്ടുള്ളത്. പ്രതികള്‍ പണം ചോര്‍ത്തുന്നതിനു ഉപയോഗിച്ച സ്‌കിമ്മറൂം കാമറയും കണ്ടെത്താനായിട്ടില്ല. ബാങ്കിന്റെ എടിഎമ്മിലെ കാമറയില്‍ പതിഞ്ഞ പ്രതികളിലൊരാള്‍ അബ്ദുറഹ്മാനാണ്. ഇനി മൂന്നു പ്രതികളെ കൂടി കിട്ടാനുണ്ട്. ഇവര്‍ക്കുവേണ്ടി തെരച്ചില്‍ നടന്നുവരികയാണ്. ഐ.പി.സി 379, ഐ.ടി നിയമം എന്നിവ അനുസരിച്ചുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ് പറഞ്ഞു.

Related posts