കളമശേരി: വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ച യുവതിയെയും യുവാവിനെയും കളമശേരി പോലീസ് പിടികൂടി. അങ്കമാലി സ്വദേശിനി, പങ്കാളിയായ മാലിപ്പുറം മുടവശേരി ജോണ്‍ തോമസ് എന്നിവരെയാണ് കളമശേരി പോലീസ് പിടികൂടിയത്.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി കഴിഞ്ഞ മാസം 26നാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. മാനക്കേട് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കടുങ്ങല്ലൂര്‍ മുപ്പത്തടം ഭാഗത്തുള്ള സ്മിത-ജോണ്സണ് എന്നിവരുടെ വീട്ടില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞ് അവശനിലയിലായിരുന്നു. തുടർന്ന് കളമശേരി ഇന്‍സ്പെക്ടര്‍ ടി. ദിലീഷിന്റെ നേതൃത്വത്തില്‍ കുഞ്ഞിനെ ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു വിദഗ്ധ ചികിത്സ നല്‍കിയെന്ന് പോലീസ് അറിയിച്ചു.
ഭര്‍ത്താവിനോടു പിണങ്ങി ആലുവയിലെ സ്വന്തം വീട്ടില്‍ കഴിയവേയാണു വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ ജോണ്‍ തോമസുമായി പരിചയപ്പെടുന്നത്. ജോണ്‍ തോമസിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവതിയെ പേട്ടയിലെ മഹിളാമന്ദിരത്തിലാക്കി. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു കൈമാറി.