പലരും എന്നെ പറ്റിച്ചിട്ടുണ്ട്, സിനിമ റിലീസ് ചെയ്യുമ്പോള്‍ പോസ്റ്ററില്‍ എന്റെ ഫോട്ടോ കൊടുക്കില്ല, ഒളിഞ്ഞു നിന്നാണ് നമ്മളെ പലരും അവഗണിച്ചിട്ടുള്ളത്, സമയം വരുമ്പോള്‍ പകരംവീട്ടും, നടന്‍ ബൈജുവിന് പറയാനുള്ളത്

ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയ താരമാണ് ബൈജു. കുട്ടിക്കാലത്ത് സിനിമയോട് കൂട്ടുകൂടിയെങ്കിലും ഒരിക്കല്‍പ്പോലും വേണ്ടത്ര പരിഗണന ബൈജുവിന് കിട്ടിയോ എന്ന കാര്യത്തില്‍ സംശയമാണ്. സിനിമലോകത്ത് പലരും തന്നെ ചതിച്ചിട്ടുള്ളതായി ബൈജു പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

സിനിമയില്‍ എനിക്ക് വലിയ സൗഹൃദങ്ങളൊന്നുമില്ല. മാര്‍ക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ സിനിമയില്‍ സൗഹൃദങ്ങള്‍ക്ക് സ്ഥാനമുള്ളൂ. രാഷ്ട്രീയത്തിലൊക്കെ പിന്നെയും സൗഹൃദത്തിന് സ്ഥാനമുണ്ടെന്ന് പറയാം. സിനിമയില്‍ ഒരു നടന്റെ നിലവിലെ അവസ്ഥ നോക്കിയിട്ടാണ് സൗഹൃദങ്ങള്‍ ഉണ്ടാകുന്നത്. ഒരു കല്യാണത്തിന് പോകുമ്പോള്‍ പോലും നടന്റെയോ നടിയുടെയോ മാര്‍ക്കറ്റ് പരിഗണിക്കും. എനിക്ക് ആകെയുള്ള ആത്മാര്‍ത്ഥ സുഹൃത്ത് കുട്ടേട്ടനാണ് (വിജയ രാഘവന്‍). എന്ത് പ്രശ്നം വന്നാലും അപ്പോള്‍ തന്നെ കുട്ടേട്ടനെ വിളിച്ചു കാര്യം പറയും. കൃത്യമായ പരിഹാരം അദ്ദേഹം നമുക്ക് പറഞ്ഞു തരും.

എന്നെ ആരും വേദനിപ്പിച്ചതായി ഓര്‍ക്കുന്നില്ല. പല സ്ഥലങ്ങളിലും ഞാന്‍ കടുത്ത അവഗണനയ്ക്ക് പാത്രമായിട്ടുണ്ട്. ഒളിഞ്ഞു നിന്നാണ് നമ്മളെ പലരും അവഗണിച്ചിട്ടുള്ളത്. ഒരു സിനിമ റിലീസാകുമ്പോള്‍ അതിന്റെ പോസ്റ്ററില്‍ എന്റെ ഫോട്ടോ മാത്രം കൊടുക്കില്ല. പ്രധാനപ്പെട്ട വേഷം ചെയ്ത ചിത്രങ്ങളില്‍പ്പോലും. പേരെഴുതി കാണിക്കുമ്പോള്‍ ഏറ്റവും പ്രാധാന്യം കുറഞ്ഞ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടത്തിലായിരിക്കും എന്റെ പേര്. ആരെല്ലാമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് അറിയാം.

വളരെ പുച്ഛത്തോടെയാണ് ഞാന്‍ ഇപ്പോള്‍ അതിനെയെല്ലാം കാണുന്നത്. സമയം വരുമ്പോള്‍ അതിനു പകരം കൊടുക്കാന്‍ എനിക്കറിയാം. ആരെയും വേദനിപ്പിക്കാതെ നേരെ വാ നേരെ പോ എന്ന നിലപാടാണ് എനിക്കുള്ളത്. ആരെയും ഇന്ന് വരെ സിനിമയില്‍ അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല.

‘മാട്ടുപ്പെട്ടി മച്ചാന്‍’ എന്ന ചിത്രം ഇറങ്ങിയപ്പോള്‍ എല്ലാവരും കരുതി ഞാന്‍ നായകനായി തിളങ്ങുമെന്ന്. പക്ഷേ എന്നെത്തേടി നായക കഥാപാത്രങ്ങളൊന്നും വന്നില്ല. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്ന ആളാണ്. എനിക്കതിനുള്ള യോഗമില്ലെന്ന് കരുതുന്നു. എല്ലാം ചില നിമിത്തങ്ങളാണ്. ‘കല്യാണ ഉണ്ണികള്‍’ എന്ന ചിത്രമാണ് ഞാന്‍ നായക തുല്യവേഷം ചെയ്ത ഒരേ ഒരു ചിത്രം.

ജഗതിച്ചേട്ടനാണ് ചിത്രം സംവിധാനം ചെയ്തത്. 1990 ല്‍ ചിത്രീകരിച്ച സിനിമ ഇറങ്ങിയത് 1997 ലാണ്. വൈകി റിലീസായതുകൊണ്ടു തന്നെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടാതെ പോയി. നായകനാകാന്‍ കഴിയാത്തതുകൊണ്ട് എനിക്ക് അല്പം പോലും വിഷമമില്ല. നായകനാകുന്നതിലുപരി എല്ലാ സിനിമകളിലും അഭിനയിച്ച് ഇതുപോലെ എപ്പോഴും ലൈം ലൈറ്റില്‍ നില്‍ക്കാനാണ് എന്റെ ആഗ്രഹം.

Related posts